ഗംഭീര തുടക്കവുമായി ‘ചത്താ പച്ച’

ഗംഭീര തുടക്കവുമായി ‘ചത്താ പച്ച’

വലിയ പ്രീ-റിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ‘ചത്താ പച്ച’ ബോക്സ് ഓഫീസിൽ തകർപ്പൻ ഓപ്പണിംഗ് സ്വന്തമാക്കി. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം 3.9 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ട്രാക്കർമാരായ സാക്നിൽക് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
കേരളത്തിലുടനീളം നൈറ്റ് ഷോകൾ ഉൾപ്പെടെ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളത്തിലെ ആദ്യ മുഴുനീള ‘WWE’ സ്റ്റൈൽ ആക്ഷൻ കോമഡി എന്ന ലേബലിലെത്തിയ ചിത്രം മേക്കിംഗിലും നിലവാരം പുലർത്തുന്നുണ്ട്. പശ്ചിമ കൊച്ചിയിലെ റെസ്‍ലിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ ‘വാൾട്ടർ’ എന്ന അതിഥി വേഷത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് തിയറ്ററുകളെ ആവേശത്തിലാഴ്ത്തി.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് സംഗീത ഇതിഹാസങ്ങളായ ശങ്കർ ഇഹ്സാൻ ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രം കൂടിയാണിത്. കൊച്ചിയുടെ ഗുസ്തി പാരമ്പര്യത്തിനും വേൾഡ് റെസ്‍ലിംഗ് കാഴ്ചകൾക്കും നൽകിയ മികച്ചൊരു ട്രിബ്യൂട്ടായാണ് ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്.

administrator

Related Articles