ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് BTS ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊറിയന്‍ സംഗീത ഇതിഹാസമായ ബിടിഎസ് (BTS) തങ്ങളുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആല്‍ബം പ്രഖ്യാപിച്ചു. ‘അരിരംഗ്’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം 2026 മാര്‍ച്ച് 20ന് പുറത്തിറങ്ങുമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം ബാന്‍ഡിലെ ഏഴ് അംഗങ്ങളും ഒത്തുചേരുന്ന, ഏകദേശം നാല് വര്‍ഷത്തിനിടയിലെ ആദ്യത്തെ ഫുള്‍ ഗ്രൂപ്പ് ആല്‍ബമാണിത്. നിലവില്‍ ആല്‍ബത്തിന്റെ പ്രീഓര്‍ഡറുകള്‍ ആരംഭിച്ചു കഴിഞ്ഞു.
കൊറിയയുടെ സാംസ്കാരിക പൈതൃകത്തിന്റെ അടയാളമായാണ് ഈ ആല്‍ബം വിലയിരുത്തപ്പെടുന്നത്. കൊറിയയിലെ ഏറ്റവും പഴക്കമേറിയതും പ്രിയമേറിയതുമായ നാടോടി ഗാനമാണ് ‘അരിരംഗ്’. രാജ്യത്തിന്റെ അനൗദ്യോഗിക ദേശീയ ഗാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വായ്മൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടു വന്ന ഈ ഗാനം കാലങ്ങള്‍ക്കനുസരിച്ച് ഓരോ പ്രദേശത്തും വ്യത്യസ്ത രീതിയിലാണ് ആലപിക്കപ്പെടുന്നത്. ‘പ്രിയപ്പെട്ടവന്’ അല്ലെങ്കില്‍ ‘സൗന്ദര്യമുള്ളവന്’ എന്നൊക്കെയാണ് ഈ വാക്കിന് അര്‍ഥം.
കൊറിയന്‍ ജനതയുടെ സന്തോഷവും സങ്കടവും പ്രതിരോധവും ഒരേപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ‘അരിരംഗ്’. തങ്ങളുടെ വേരുകളിലേക്കുള്ള മടക്കയാത്രയാണ് ഈ ആല്‍ബത്തിലൂടെ ബിടിഎസ് ലക്ഷ്യമിടുന്നത്. ദീര്‍ഘകാലത്തെ മാറി നില്‍ക്കലിന് ശേഷം ആരാധകരുമായി ഒന്നിക്കുന്നതിന്റെ വൈകാരികമായ വശങ്ങള് ഈ ആല്‍ബത്തില്‍ പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്. ആല്‍ബം റിലീസിന് പിന്നാലെ ഏപ്രില്‍ മാസം മുതല്‍ ബിടിഎസ് പുതിയ വേള്‍ഡ് ടൂറും ആരംഭിക്കും.

