ജിമെയില്‍ ഐഡി മാറ്റാന്‍ കഴിയാത്തതിനാല്‍ വര്‍ഷങ്ങളായി ഒരേ വിലാസം ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത. ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യപ്രകാരം, ജിമെയില്‍ ഐഡി മാറ്റാനോ എഡിറ്റ് ചെയ്യാനോ ഉള്ള പുതിയ ഫീച്ചറില്‍ ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗൂഗിള്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഗൂഗിള്‍ സപ്പോര്‍ട്ട് പേജിലെ ‘ജിമെയില്‍ വിലാസം മാറ്റുക’ (Change Gmail Address) എന്ന പുതിയ വിഭാഗം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പഴയ ഐഡി മാറ്റി പുതിയത് സ്വീകരിക്കുമ്പോള്‍ നിങ്ങളുടെ ഇന്‍ബോക്സിലെ ഇമെയിലുകളോ മറ്റ് ഡാറ്റകളോ നഷ്ടമാകില്ല. പുതിയ ഐഡി നിലവില്‍ വന്നാലും പഴയ ഐഡിയിലേക്കുള്ള മെയിലുകളും അതേ ഇന്‍ബോക്സിലേക്ക് തന്നെ എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം. ലോഗിന്‍ ചെയ്യാന്‍ പഴയ ഐഡിയും ഉപയോഗിക്കാം.
പുതിയ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഗൂഗിള്‍ ചില നിബന്ധനകള്‍ വെച്ചേക്കാം. 12 മാസത്തിനിടെ ഒരു തവണ മാത്രമേ ഐഡി മാറ്റാന്‍ അനുവദിക്കൂ എന്നും, പരമാവധി 3 തവണ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്താന്‍ കഴിയൂ എന്നും സൂചനകളുണ്ട്.

