തഗ് ലൈഫിലെ ഗാനത്തെക്കുറിച്ച് മനസുതുറന്ന് ചിന്മയി

തഗ് ലൈഫിലെ ഗാനത്തെക്കുറിച്ച് മനസുതുറന്ന് ചിന്മയി

മണിരത്‌നം- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലെ പാട്ടുകള്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇതില്‍ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കി ധീ ആലപിച്ച ‘മുത്ത മഴൈ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചിന്മയി ഈ ഗാനം ആലപിച്ചതോടെ ആ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ ഈ ഗാനത്തെക്കുറിച്ചും തമിഴ് സിനിമയില്‍ താന്‍ നേരിടുന്ന അവഗണനയെക്കുറിച്ചും മനസുതുറക്കുകയാണ് ചിന്മയി.

‘റഹ്മാന്‍ സാറിന്റെ സംഗീതത്തില്‍ പാടുക എന്നത് വലിയൊരു ഫാന്‍ എന്ന നിലയില്‍ എനിക്ക് എപ്പോഴും ആവേശമാണ്. ആദ്യം തമിഴ് ഉള്‍പ്പെടെ മൂന്ന് ഭാഷകളില്‍ ‘മുത്ത മഴൈ’ പാടേണ്ടിയിരുന്നത് ഞാനായിരുന്നു. എന്നാല്‍ പിന്നീട് അത് ക്യാന്‍സല്‍ ആയി. തലേദിവസം ഇവന്റ് മാറ്റിവെച്ചെന്നും പടത്തില്‍ ആ പാട്ടില്ലെന്നും എന്നോട് പറഞ്ഞു. എന്നാല്‍ ഒടുവില്‍ ആ പാട്ട് പാടുമ്പോള്‍ എനിക്ക് പഴയ ആവേശമൊന്നും ഉണ്ടായിരുന്നില്ല,’ ചിന്മയി പറയുന്നു. താന്‍ നേരിടുന്ന വിലക്കിനെക്കുറിച്ച് ചിന്മയി തുറന്നടിച്ചു: ‘എന്തൊക്കെയായാലും തമിഴ് സിനിമയ്ക്ക് ഞാന്‍ എന്നും ബാന്‍ ചെയ്യപ്പെട്ട ഒരു ഗായികയും ആര്‍ട്ടിസ്റ്റുമാണ്. അതുകൊണ്ടുതന്നെ ഈ പാട്ടില്‍ നിന്ന് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷെ ഒന്നും പ്രതീക്ഷിക്കാതെ പാടിയതുകൊണ്ടാകാം അത് ഇത്രയും ഹിറ്റായത്.’ സോഷ്യല്‍ മീഡിയയില്‍ ചിന്മയിയുടെ ഈ വേര്‍ഷന്‍ വൈറലായതോടെ താരത്തിന് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

administrator

Related Articles