ഏറെ ആളുകളാണ് നാനോ ബനാന പ്രോ ഉപയോഗിച്ച് പുതിയ ഫോട്ടോകളും ഓപ്പണ്‍എഐയുടെ സോറ എഐ മോഡല്‍ ഉപയോഗിച്ച് വീഡിയോ ജനറേഷനും നിര്‍മ്മിക്കുന്നത്. ഏറെ പേരും സൗജന്യമായിട്ടായിരുന്നു ഈ ടൂളുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ സൗജന്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഒരു ‘പണി’യുമായെത്തിയിരിക്കുകയാണ് ഗൂഗിളും ഓപ്പണ്‍എഐയും. ‘നാനോ ബനാന പ്രോ’, ‘ജെമിനി 3 പ്രോ’ എന്നിവയുടെ സൗജന്യ ഉപയോക്താക്കള്‍ക്ക് ഗൂഗിളും സോറ എഐ ഉപയോക്താക്കള്‍ക്ക് ഓപ്പണ്‍എഐയും ഉപയോഗത്തിന് പരിധി ഏര്‍പ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇനി മുതല്‍ ആളുകള്‍ക്ക് നിശ്ചിത പരിധിക്കുള്ളില്‍ മാത്രമേ ഫോട്ടോകളും വീഡിയോകളുമൊക്കെ ഈ എഐ ടൂളുകള്‍ വഴി സൃഷ്ടിക്കാന്‍ സാധിക്കൂ. ഗൂഗിളിന്റെ നാനോ ബനാന പ്രോയുടെ സൗജന്യ ഉപയോക്താക്കള്‍ക്ക് ഇനി ഒരു ദിവസം രണ്ട് ഫോട്ടോകള്‍ മാത്രമേ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. മുമ്പ് ഈ പരിധി പ്രതിദിനം മൂന്ന് ഫോട്ടോകളായിരുന്നു. അതുപോലെ, ജെമിനി 3 പ്രോയുടെ സൗജന്യ ഉപയോഗവും പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത്, ഇതില്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ക്ക് ജെമിനിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ല.

