ദീര്‍ഘകാലത്തിന് ശേഷം വീണ്ടും ഒരു മമ്മൂട്ടി- അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിക്കാണെന്നും സിനിമയുടെ പ്രാഥമിക ജോലികളും കൂടിയാലോചനകളും പുരോഗമിക്കുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
തകഴിയുടെ ‘രണ്ടിടങ്ങഴി’ എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാകും ചിത്രം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 1958ല്‍ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘രണ്ടിടങ്ങഴി’ സിനിമ ആക്കിയിരുന്നു. തകഴി തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സിനിമയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനമായതായാണ് സൂചന.

