അമേരിക്കന്‍ പോപ് ഗായിക ടെയ്ലര് സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആല്‍ബം ‘ദ ലൈഫ് ഓഫ് എ ഷോ ഗേള്‍’ ആരാധകരെയും വിപണിയേയും ഒരേപോലെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഒറ്റ ആഴ്ച കൊണ്ട് 40 ലക്ഷം ആല്‍ബം കോപ്പികളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്. ഇതില്‍ 34 ലക്ഷവും ഒറിജിനല്‍ ആല്‍ബം വില്‍പ്പനയാണ്. ബാക്കി സ്ട്രീമിങ്ങ് വഴിയും.
ആദ്യ ദിനം മാത്രം ‘ദ ലൈഫ് ഓഫ് എ ഷോ ഗേളി’ന്റെ 27 ലക്ഷം കോപ്പികളാണ് വിറ്റത്. ഇതോടെ യുഎസിലെ ട്രെന്‍ഡിങ് പാട്ടുകളുടെ പട്ടികയായ ‘ബില്‍ബോര്‍ഡ് 200’ ല്‍ ടെയ്ലര് ഒന്നാമതും എത്തി. 15ാം തവണയാണ് താരം നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തുന്നത്. ‘ബില്‍ബോര്‍ഡ് ഹോട്ട് 100’ ചാര്‍ട്ടില്‍ ആദ്യ 12ലും ടെയ്ലറിന്റെ ആല്‍ബം ഇടംപിടിച്ചിട്ടുണ്ട്.
ഈ റെക്കോര്‍ഡ് വില്‍പ്പനയുടെ സന്തോഷം ടെയ്ലര് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കിട്ടു. ‘2006ല്‍ എന്റെ ആദ്യ ആല്‍ബം പുറത്തിറങ്ങിയ ആഴ്ചയില്‍ തന്നെ 40,000 കോപ്പികള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ ഞാന്‍ എത്രമാത്രം ആവേശഭരിതയായിരുന്നു എന്ന് ഞാന്‍ മറ ക്കില്ല. അന്ന് എനിക്ക് 16 വയസായിരുന്നു. എന്റെ സംഗീതത്തില്‍ ഇത്രയധികം ആളുകള്‍ അവരുടെ സമയവും ഊര്‍ജവും ചെലവാക്കുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചിട്ടു കൂടിയില്ല. അതിനുശേഷം ഈ ഭ്രാന്തന് സ്വപ്നത്തെ പിന്തുടരാന് എനിക്ക് അവസരം നല്കിയ കഴിയുന്നത്ര ആളുകളെ കാണാനും നന്ദി പറയാനും ഞാന്‍ ശ്രമിച്ചു,’ ടെയ്ലര് സ്വിഫ്റ്റ് കുറിച്ചു.
ടെയ്ലര് സ്വിഫ്റ്റിന്റെ 12ാമത്തെ സ്റ്റുഡിയോ ആല്‍ബമാണ് ‘ലൈഫ് ഓഫ് എ ഷോ ഗേള്‍’. ഒക്ടോബര്‍ മൂന്നിന് ആണ് ആല്‍ബം ഔദ്യോഗികമായി റിലീസായത്. 12 ട്രാക്കുകളാണ് ആല്‍ബത്തിലുള്ളത്. ദി ഫേറ്റ് ഓഫ് ഒഫീലിയ, എലിസബത്ത് ടെയ്ലര്, ഒപാലൈറ്റ്, ഫാദര്‍ ഫിഗര്‍, എല്‍ഡസ്റ്റ് ഡോട്ടര്‍, റൂയിന് ദി ഫ്രണ്ട്ഷിപ്പ്, ആക്ച്വലി റൊമാന്റിക്, വൈഹ് ലിറ്റ്, വുഡ്, ക്യാന്‍സല്‍ഡ്, ഹണി, ദ ലൈഫ് ഓഫ് എ ഷോഗേള്‍ എന്നിവയാണ് പാട്ടുകള്‍. ‘ദ ലൈഫ് ഓഫ് എ ഷോ ഗേള്‍’ എന്ന ഗാനത്തില്‍ സബ്രീന കാര്‍പെന്ററും ടെയ്ലറിനൊപ്പം എത്തുന്നു.

