ദിനംപ്രതിയെന്നോണം എഐ മനുഷ്യജീവിതത്തിന്റെ സര്‍വ മേഖലകളിലേക്കും കടന്നുകയറി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ അപ്ഡേഷനുകളും വ്യത്യസ്തവും വിഭിന്നവുമായ ഫീച്ചറുകളുമായാണ് നമുക്ക് മുന്നിലേയ്ക്ക് എഐ വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസം മുമ്പാണ് സോറയെന്ന പുതിയൊരു അപ്‌ഡേഷന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ സോറ 2വും എത്തിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും ഇന്ത്യയ്ക്ക് പുറത്ത് ടിക്ടോക്കിനുമെല്ലാം ഭീഷണിയായി മുന്നോട്ട് കുതിക്കുകയാണ് സോറയെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയാണ് സോറയെ പരിചയപ്പെടുത്തുന്നത്.
സോറയുടെ രാണ്ടാം പതിപ്പാണ് സോറ 2. ഓപ്പണ്‍ എഐയുടെ ഈ ഫ്‌ളാഗ്ഷിപ്പ് വീഡിയോ ആന്‍ഡ് ഓഡിയോ ജനറേഷന്‍ മോഡല്‍ യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്ത വീഡിയോകളെ നിര്‍മിക്കാനുള്ള ഓപ്ഷനാണിത്.2024 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ആദ്യ സോറ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സോറ 2. ഇത് കൂടുതല്‍ കൃത്യവും റിയലസ്റ്റിക്കുമാണെന്നാണ് ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്. ഡയലോഗ് സിങ്കും, സൗണ്ട് ഇഫക്റ്റുകളും റിയലസ്റ്റിക്കായ മോഷനും സോറ 2-വിന്റെ പ്രത്യേകതകളാണ്. ‘കാമിയോസ്’ എന്ന ഫീച്ചറാണ് പുത്തന്‍ സോറ ആപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം.
എഐ-നിര്‍മിത വീഡിയോകളില്‍ സോറ ഉപഭോക്താക്കളെ സ്വയം പ്രത്യക്ഷപ്പെടാന്‍ അനുവദിക്കുന്ന സവിശേഷ ഫീച്ചറാണ് കാമിയോസ്. അനുമതിയുണ്ടെങ്കില്‍ മറ്റ് സുഹൃത്തുക്കളെയും ഇതുപോലെ നിങ്ങളുടെ വീഡിയോകളിലേക്ക് ആഡ് ചെയ്യാനും സാധിക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ മുഖവും രൂപവും ശബ്ദവുമെല്ലാം സോറ 2 നിര്‍മിക്കുന്ന വീഡിയോയിലേക്ക് ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്ന ഫീച്ചറാണ് കാമിയോ. എഡിറ്റിങ്ങ് ഒന്നുമില്ലാതെ നമുക്ക് എഐ നിര്‍മിക്കുന്ന അത്ഭുത വീഡിയോകളുടെ ഭാഗമാകാന്‍ ഇതുവഴി നമുക്ക് കഴിയും. ജനറേറ്റ് ചെയ്യുന്ന വീഡിയോയുടെ നിലവാരത്തില്‍ കുറച്ച് ഏറെ മുന്നിലാണ് സോറ.

