എഐ ഉപയോഗിച്ച് ഡീപ്ഫേക്കുകളിലൂടെ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി താര ദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കോടതിയില്‍.
ഡീപ്ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബിനും ഗൂഗിളിനുമെതിരെ ഇരുവരും നാല് കോടി രൂപയുടെ മാനനഷ്ട കേസാണ് നല്‍കിയത്. എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന വിഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വീഡിയോകള്‍ എഐ പ്ലാറ്റ്ഫോമുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്‍കണമെന്നും ഐശ്വര്യ റായി കോടതിയോട് ആവശ്യപ്പെട്ടു.
AI Bollywood Ishq എന്ന യൂട്യൂബ് ചാനലിനെ കുറിച്ച് പേരെടുത്ത് കോടതിയില്‍ നല്കിയ ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. 259-ലധികം ഡീപ്ഫേക്ക് വീഡിയോകളാണ് ചാനലിലുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഗൂഗിളിന്റെ നിയമോപദേശകനോട് രേഖാമൂലം മറുപടി നല്കാന് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്കി.
അനുമതിയില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്ന ആവശ്യവുമായി നേരത്തെയും ഐശ്വര്യ റായി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

