മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 74ാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. അണമുറിയാത്ത നടനയൊഴുക്കാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഓരോ കഥാപാത്രത്തിലും നവഭാവുകത്വം സൃഷ്ടിച്ച് ആസ്വാദകരുടെ മനം കവരുന്ന അതുല്യ പ്രതിഭ. അഭിനയത്തിന്റെ കാര്യത്തില്‍ അത്യുല്‍സാഹിയായ ഒരു വിദ്യാര്‍ഥിയാണ് മമ്മൂട്ടി. 1951ല്‍ ഇതുപോലൊരു സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയെന്ന പി.ഐ മുഹമ്മദ് കുട്ടി കോട്ടയം ജില്ലയിലെ ചെമ്പ് ദേശത്ത് ജനിക്കുന്നത്.
ഇസ്മയില്‍- ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ മുതല്‍ വരാനിരിക്കുന്ന കളങ്കാവല്‍ വരെ അര നൂറ്റാണ്ടിലധികമായി സിനിമാ ലോകത്ത് ജീവിക്കുന്നു മമ്മൂക്ക. മേളയും വടക്കന്‍ വീരഗാഥയും മതിലുകളും വിധേയനും പൊന്തന്‍മാടയും ന്യൂഡല്‍ഹിയും വല്യേട്ടനും പാലേരിമാണിക്യവും ഭ്രമയുഗവും പുഴുവും നന്‍പകല്‍ നേരത്തും അടക്കം നൂറുകണക്കിന് കഥാപാത്രങ്ങളെ അദ്ദേഹം പ്രേക്ഷക മനസ്സില്‍ കൊത്തിവെച്ചു.
1971 ആഗസ്റ്റ് ആറിനായിരുന്നു മമ്മൂട്ടി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്തത്. ബഹദൂറിനൊപ്പം ഒരു സീനില്‍ സാന്നിധ്യം അറിയിച്ചു. സംഭാഷണമുള്ള ആദ്യ സിനിമ 1973ലെ കാലചക്രമായിരുന്നു. കരിയര്‍ ബ്രേക്ക് നല്‍കിയത് 1980ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയും.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ആ കൈകളിലെത്തി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാകട്ടെ അഞ്ച് പ്രാവശ്യവും. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ വേഷമിട്ടു. ഇനിയും ഒരുപാട് വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഉത്തുംഗതയിലെത്തിക്കും. പ്രിയ മമ്മൂക്കക്ക് ഒരായിരം ജന്മദിന സന്തോഷങ്ങള്‍.