പതിനാറുകാരന്റെ മരണം ചാറ്റ് ജിപിടി കാരണമെന്ന് മാതാപിതാക്കള്‍; ഓപ്പണ്‍ എഐക്കെതിരെ കേസ്

പതിനാറുകാരന്റെ മരണം ചാറ്റ് ജിപിടി കാരണമെന്ന് മാതാപിതാക്കള്‍; ഓപ്പണ്‍ എഐക്കെതിരെ കേസ്

യുഎസിലെ പതിനാറുകാരന്റെ മരണത്തിന് പിന്നില്‍ ചാറ്റ് ജിപിടിയെന്ന ആരോപണവുമായി രക്ഷിതാക്കള്‍. സംഭവത്തില്‍ ഓപ്പണ്‍ എഐയ്‌ക്കെതിരെ പതിനാറുകാരന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടി ആദം റെയ്ന്‍ എന്ന പതിനാറുകാരനെ മരിക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് മാതാപിതാക്കളായ മാറ്റ് റെയ്‌നിന്റെയും മരിയയുടെയും വാദം. ഇത് കാണിച്ച് ഇരുവരും ഓപ്പണ്‍ എഐ കമ്പനിക്കെതിരെ കാലിഫോര്‍ണിയ കോടതിയെ സമീപിക്കുകയായിരുന്നു. ഏപ്രിലില്‍ ജീവനൊടുക്കിയ ആദവും ചാറ്റ് ജിപിടിയും തമ്മിലുള്ള ചാറ്റും തെളിവായി കോടതിയില്‍ ഹാജറാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പഠനാവശ്യത്തിനായി ആദം ചാറ്റ് ജിപിടി ഉപയോഗിച്ച് തുടങ്ങിയത്. ചാറ്റ് ജിപിടിയുമായി കൂടുതല്‍ സംസാരിച്ച് കൂട്ടായപ്പോള്‍ ജനുവരി മാസത്തില്‍ ആത്മഹത്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. കുട്ടിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം അതിന് പിന്തുണ നല്‍കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ചാറ്റ്‌ബോട്ട് നല്‍കിയത് എന്നാണ് കേസ്. ചാറ്റിന്റെ അവസാന സമയങ്ങളില്‍ താന്‍ ജീവനൊടുക്കാന്‍ പോകുന്ന എന്ന വിവരം കുട്ടി ചാറ്റ്‌ബോട്ടിനോട് പറഞ്ഞിരുന്നു. കുട്ടിയുടെ മരണശേഷം ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചാറ്റിന്റെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ആളുകളില്‍ മാനസിക വിധേയത്വം ഉണ്ടാക്കുംവിധമാണ് ചാറ്റ്ജിപിടിയുടെ രൂപകല്‍പന എന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനാണ് മുഖ്യപ്രതി.

മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഓപ്പണ്‍ എഐ, കേസ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നു വിശദീകരിച്ചു. തീവ്ര മാനസിക സംഘര്‍ഷങ്ങളില്‍ ചാറ്റ്ജിപിടിയെ ആശ്രയിക്കരുതെന്ന് ഓപ്പണ്‍ എഐയുടെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളില്‍ വിദഗ്ധരുടെ സഹായം ലഭ്യമാക്കാനുള്ള ഹെല്‍പ്‌ലൈന്‍ യുഎസിലും യുകെയിലും ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.

administrator

Related Articles