റിവ്യൂ ബോംബിങ് തടയാനൊരുങ്ങി സര്‍ക്കാര്‍

റിവ്യൂ ബോംബിങ് തടയാനൊരുങ്ങി സര്‍ക്കാര്‍

ഒരു സിനിമ റിലീസ് ചെയ്താല്‍ അതിനെ എതിര്‍ത്തും അനുകൂലിച്ചും റിവ്യൂ തയ്യാറാക്കുന്നവര്‍ നിരവധിയാണ്. സിനിമ കണ്ട് അത് എങ്ങനെയുണ്ടെന്ന് ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ അഭിപ്രായം പറയാനുള്ള അവകാശവുമുണ്ട്. എന്നാല്‍ ഈയടുത്ത കാലത്തായി പല സിനിമാ സംവിധായകരും മറ്റും റിവ്യൂവിനെതിരെയും റിവ്യൂ ചെയ്യുന്നവര്‍ക്കെതിരെയും രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. സംഘടിതമായി തെറ്റിദ്ധരിപ്പിക്കും വിധം റിവ്യൂ പറഞ്ഞ് പ്രേക്ഷകരെ സിനിമ കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു എന്നാണ് നിർമ്മാതാക്കളുടെ പരാതി. ഏതായാലും ഇത്തരത്തിലുള്ള റിവ്യൂ ബോംബിങ് തടയാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ട് വരുന്നു എന്നത് സിനിമാ നിര്‍മാതാക്കളെ സംബന്ധിച്ച് ആശ്വാസകരമാണ്.

പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പണം കൈപ്പറ്റിയുള്ള റിവ്യൂകളും അവ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുന്നതും കുറ്റകരമാക്കാനാണ് നീക്കം. ഇന്നലെ അവതരിപ്പിച്ച സിനിമാ നയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ പതിപ്പും നിയമവിരുദ്ധ പ്രദര്‍ശനങ്ങളും തടയാനും ശക്തമായ നടപടികള്‍ ഉണ്ടാകും.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ റിവ്യൂ ബോംബിങ്ങിലൂടെ സിനിമകളെ തകര്‍ക്കലാണ് സമീപകാലത്ത് സിനിമാ വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമാ നിരൂപണത്തിന് പണം നല്‍കാത്തവര്‍ക്കെതിരെ അനാവശ്യ വിമര്‍ശനം ഉയര്‍ത്തി തകര്‍ക്കുന്നതും പതിവാണ്. നിര്‍മ്മാതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന റിവ്യൂ ബോംബിങ് അവസാനിപ്പിക്കുമെന്ന് കരട് സിനിമ നയം പറയുന്നു.

റിവ്യൂ ബോബിങ് അനീതിയാണ്. പണം നല്‍കി പ്രചരിപ്പിക്കുന്ന റിവ്യൂകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. സുതാര്യമായ വിവരങ്ങള്‍ക്കുള്ള സിനിമാപ്രേമികളുടെ അവകാശവും ലംഘിക്കപ്പെടുകയാണ്. മോശം അവലോകനം ഒഴിവാക്കുന്നതിന് പണം ആവശ്യപ്പെടുന്നത് പണം തട്ടിയെടുക്കലാണ്. ഇതു തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കരട് സിനിമാ നയം ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയെ ഉചിതമായ ഫോറത്തിനു മുമ്പാകെ ഹാജരാക്കി പരാതിക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സൗകര്യമൊരക്കും. ഉയര്‍ന്ന നിലവാരം ഉറപ്പാക്കി ആധികാരികവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ രൂപീകരിക്കുമെന്നും പറയുന്നു.

administrator

Related Articles