അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ 25 ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ നാലാം വകുപ്പ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഉല്ലു, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ആപ്പ്, ബൂ മെക്സ്, നവരസ ലൈറ്റ്, എ എല്‍ ടി ടി, നിയോണ്‍ എക്സ് വി ഐ പി, ഗുലാബ് ആപ്പ്, കങ്കണ് ആപ്പ്, ഷോഹിറ്റ്, ജല്‍വ ആപ്പ്, വൗ എന്റര്ടെയിന് മെന്റ്റ്, ലുക്ക് എന്റര്ടെയിന് മെന്റ്, ഹിറ്റ്പ്രൈം, ഫുഗി ഫെനിയോ, ഷോ എക്സ്, സോള്‍ ടാക്കീസ്, അഡ്ഡ ടിവി, ഹോട്ട് എക്സ് വി ഐ പി, ഹല്ചല് ആപ്പ്, മൂഡ് എക്സ്, ട്രൈഫ്ലിക്സ്, മോജ്ഫ്ലിക്സ് ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കുമാണ് നിരോധനം.
ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു ക്ഷേമ മന്ത്രാലയം, വിവര സാങ്കേതിക മന്ത്രാലയം, നിയമ വകുപ്പ്, വ്യവസായ സ്ഥാപനങ്ങളായ എഫ് ഐ സി സി ഐ, സി ഐ ഐ, സ്ത്രീക ളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച മേഖലയിലെ വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് നടപടിയെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെയും 2021ലെ ഐടി നിയമങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്ന് ഈ വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള ആക്സസ് പ്രവര്‍ത്തന രഹിതമാക്കാനോ നീക്കം ചെയ്യാനോ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലൈംഗിക പരാമര്‍ശങ്ങള്‍, നീണ്ട നഗ്ന രംഗങ്ങള്‍, അനുചിത സന്ദര്‍ഭങ്ങളില്‍ നഗ്നതയുടെയും ലൈംഗികതയുടെയും ചി ത്രീകരണം തുടങ്ങിയവ ഉള്ളടക്കത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരായ നടപടിയെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.