എസ്ഇജിജി മീഡിയ ഗ്രൂപ്പ് സൂപ്പര്‍ ലീഗ് കേരളയുമായി കരാറില്‍ ഒപ്പുവെച്ചു

എസ്ഇജിജി മീഡിയ ഗ്രൂപ്പ് സൂപ്പര്‍ ലീഗ് കേരളയുമായി കരാറില്‍ ഒപ്പുവെച്ചു

സൂപ്പര്‍ ലീഗ് കേരള (എസ് എല്‍ കെ) ഫുട്ബാള്‍ ലീഗിന് സാമ്പത്തിക നേട്ടം സമ്മാനിച്ച് എസ് ഇ ജി ജി മീഡിയ ഗ്രൂപ്പ്. സ്ട്രീമിംഗിനായി 100 കോടി രൂപയുടെ അഞ്ച് വര്‍ഷത്തെ സംപ്രേഷണ കരാറില്‍ ഗ്രൂപ്പ് സൂപ്പർ ലീഗ് കേരളയുമായി ഒപ്പുവെച്ചു. കായിക വിനോദ രംഗത്തെ വമ്പന്മാരാണ് എസ് ഇ ജി ജി മീഡിയ ഗ്രൂപ്പ്. അവർ ആദ്യമായിട്ടാണ് ഏഷ്യയില്‍ നിന്നൊരു ലീഗുമായി ഫുട്‌ബോള്‍ സംപ്രേഷണ കരാര്‍ ഒപ്പുവെക്കുന്നത്. ദുബൈയിലെ വണ്‍ ജെ എല്‍ ടിയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമ രൂപമായത്. കേരള ഫുട്‌ബോളിനും സൂപ്പര്‍ ലീഗ് കേരളക്കും ഉണര്‍വേകുന്നതാണ് പുതിയ കരാര്‍.

ഇതോടെ കമ്പനിയുടെ സ്‌പോര്‍ട്‌സ് ആപ്ലിക്കേഷനായ സ്‌പോര്‍ട്‌സ് ഡോട്ട്‌കോമിലൂടെ സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ തല്‍സമയം കാണാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള മലയാളി ആരാധകര്‍ക്ക് സൂപ്പര്‍ ലീഗ് എച്ച്ഡി ദൃശ്യമികവില്‍ കാണാന്‍ കഴിയുന്നത് ലോകമെങ്ങുമുള്ള മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം നൽകുന്നതാണ്.

സൂപ്പര്‍ ലീഗ് കേരളയുമായുള്ള സുപ്രധാനമായ ആഗോള പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതിന് ശേഷം സ്‌പോര്‍ട്‌സ്.കോമിന്റെയും എസ് ഇ ജി ജി മീഡിയ ഗ്രൂപ്പിന്റെയും പ്രതിനിധികള്‍

കരാറില്‍ ഒപ്പ് വെച്ചതോടെ ആഗോളതലത്തിലുള്ള ബ്രാന്‍ഡിംഗിന് അവസരവും കെഎസ്എല്ലിന് കൈവരും. ആരാധകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ വിനോദം നല്‍കാനും സഹായിക്കും. എസ്ഇജിജിയുടെ ജി എക്‌സ് ആര്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമിനു കീഴില്‍ രൂപംകൊണ്ട ഈ കരാര്‍, സൂപ്പര്‍ ലീഗ് കേരളയുടെ എക്‌സ്‌ക്ലൂസിവ് ആഗോള സംപ്രേഷണ, വാണിജ്യ പങ്കാളിയായി എസ്ഇജിജിയെ മാറ്റുന്നു. എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിങ് അവകാശങ്ങള്‍, ഡിജിറ്റല്‍ ഫാന്‍ എന്‍ഗേജ്‌മെന്റ്, ആഗോള സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍, ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള വിപുലമായ വിതരണം എന്നിവ ഈ ഉടമ്പടിയില്‍ ഉള്‍പ്പെടുന്നു.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയ ഫുട്‌ബോളിന് ഈ വികസനം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ 13 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയപ്പോള്‍ സ്‌പോര്‍ട്‌സ്.കോമിന്റെ ബഹുഭാഷാ, സംവേദനാത്മക സ്ട്രീമിങ് സൗകര്യങ്ങളിലൂടെ ഈ വര്‍ഷം കാഴ്ചക്കാരുടെ എണ്ണത്തില്‍ 25ശതമാനം വര്‍ധനവാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത് .

സബ്‌സ്‌ക്രിപ്ഷനുകള്‍, പരസ്യം, ലൈസന്‍സിങ് എന്നിവയുടെ സംയോജനത്തിലൂടെ വരുമാനം നേടാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. സ്‌പോര്‍ട്‌സ്.കോം റിയല്‍ ടൈം സ്റ്റാറ്റിസ്റ്റിക്‌സ്, ഫാന്റസി ലീഗ് സംയോജനം, ഓണ്‍ഡിമാന്‍ഡ് റീപ്ലേകള്‍ എന്നിവ ഉള്‍പ്പെടുന്ന ടയേര്‍ഡ് സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കും. ഫുട്‌ബോള്‍ ആരാധകരെയും സാങ്കേതികവിദ്യയില്‍ താല്‍പ്പര്യമുള്ള യുവതലമുറയെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ഇതെല്ലാം.

administrator

Related Articles