പൊതുഇടങ്ങളിലും സെലിബ്രിറ്റികളുടെ പാര്‍ട്ടികളിലുമൊക്കെ എത്തുന്ന സിനിമാ നടന്മാരെയും നടിമാരെയും മറ്റു പ്രശസ്തരായ വ്യക്തികളെയും പിന്തുടര്ന്ന് വീഡിയോ പകര്‍ത്തി ദ്വയാര്‍ത്ഥ തലക്കെട്ടുകളോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന യുട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് നടന് സാബുമോന് അബ്ദുസമദ്. തന്റെ വീഡിയോ പകര്‍ത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പങ്കുവെച്ചാണ് സാബുമോന് പണി കൊടുത്തത്. ‘ഇവന്മാരെ ഇപ്പോഴെ കാണാന്‍ കിട്ടൂള്ളൂ. നിന്റെ മുഖം എടുക്കട്ടെ.. നിങ്ങളയൊക്കെ ഇപ്പഴോ ഒരുമിച്ച് കിട്ടുകയുള്ളൂ’ എന്നു പറഞ്ഞാണ് സാബുമോന് വീഡിയോ ചിത്രീകരിക്കുന്നത്. ഇതിനിടയില്‍ ഒരു സ്ത്രീ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ ഓടുന്നതും വിഡിയോയില്‍ കാണാം. സാബുമോന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ സംഘത്തിലെ ചിലര്‍ മുഖം പൊത്തി മാറുകയും ചിലര്‍ മാസ്കും ധരിച്ച് പിന്നിലേക്ക് മാറുകയും ചെയ്തു.
‘ഞങ്ങള്‍ സെലിബ്രിറ്റികള്‍ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വീഡിയോ എടുക്കുന്നത്’ എന്നായിരുന്നു മൊബൈല്‍ ക്യാമറ സംഘത്തിലെ ഒരു സ്ത്രീ വീഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. ‘നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ… അപ്പോള്‍ നിങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്താം’ എന്നായിരുന്നു സാബുവിന്റെ പ്രതികരണം. മാസ്ക് ധരിച്ചും മുഖം മറച്ചും ചിലര്‍ സാബുമോന്റെ ക്യാമറയില്‍ നിന്ന് ഓടിമറഞ്ഞു. സാബുവിന്റെ ക്യാമറ ഒഴിവാക്കി നടന്നു പോയ ഒരാളെ പിന്തുടര്ന്ന് ചില ചോദ്യങ്ങളും സാബുമോന് ഉന്നയിക്കുന്നുണ്ടായിരുന്നു.
ചിത്രീകരിച്ച വീഡിയോ സാബുമോന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കയ്യില്‍ ഫോണുമായി എവിടെയും ചെന്ന് അവയവങ്ങളും ചലനങ്ങളും പകര്‍ത്തി കഴുകന്മാര്ക്ക് ഇട്ടുകൊടുക്കുന്ന മാധ്യമ സിങ്കങ്ങള്‍ ഇവരാണ് എന്ന കുറിപ്പോടെയാണ് സാബുമോന് വീഡിയോ പങ്കുവച്ചത്. സാബുമോന് പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോ പങ്കുവെച്ച സാബുമോനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ ക്യാമറാ ടീം അതിരുവിടാറുണ്ടെന്നും ഇവര്‍ക്കൊരു പണി ആവശ്യമാണെന്നുമാണ് കമന്റുകള്‍.