ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ സിഇഒ സ്ഥാനം രാജിവെച്ച് ലിന്‍ഡ യക്കരിനോ. 2023 ജൂണിലാണ് ലിന്‍ഡ സിഇഒ സ്ഥാനത്തെത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ലിന്‍ഡ അപ്രതീക്ഷിതമായി രാജി. ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോമിന്റെ ആദ്യത്തെ സ്ഥിരം സിഇഒ ആയിരുന്നു 61 കാരിയായ ലിന്‍ഡ യക്കരിനോ.
‘രണ്ട് വര്‍ഷത്തിന് ശേഷം ഞാന്‍ എക്സിന്റെ സിഇഒ സ്ഥാനമൊഴിയുകയാണ്. എക്സിനെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ഇലോണ്‍ മസ്‌കും ഞാനും ആദ്യമായി സംസാരിച്ചപ്പോള്‍ ഈ കമ്പനിയിലെ അസാധാരണമായ ദൗത്യം നടപ്പിലാക്കാന്‍ സാധിക്കുകയെന്നത് ജീവിതത്തിലെ നല്ലൊരു അവസരമാണെന്ന് എനിക്കറിയാമായിരുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അദ്ദേഹത്തോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു’. രാജിയുമായി ബന്ധപ്പെട്ട് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ യക്കരിനോ പറഞ്ഞു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിലനിന്ന പ്രതിസന്ധി ഘട്ടത്തിലാണ് ലിന്‍ഡ യക്കരിനോ എക്‌സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത്. കമ്പനിയിലെ കുട്ടപ്പിരിച്ചുവിടലും ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ പോലുള്ള മസ്‌കിന്റെ പുതിയ മാറ്റങ്ങളും വിവിധ കാരണങ്ങളാല്‍ കമ്പനിയുടെ വരുമാന സ്രോതസുകളായിരുന്ന പരസ്യദാതാക്കള്‍ ട്വിറ്റര്‍ വിട്ടുപോയതുമെല്ലാം കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. അതിനെയെല്ലാം എക്സ് അതിജീവിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം പുതിയ സിഇഒ ആരാകുമെന്ന് ഇതുവരെ ഇലോണ്‍ മസ്‌കോ എക്സ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.
