കൊതുകിന്റെ വലിപ്പം; മൈക്രോഡ്രോൺ വികസിപ്പിച്ച് ചൈന

കൊതുകിന്റെ വലിപ്പം; മൈക്രോഡ്രോൺ വികസിപ്പിച്ച് ചൈന

സൈനിക ആവശ്യങ്ങള്‍ക്കായി ചൈനയിലെ ശാസ്ത്രജ്ഞര്‍ കൊതുകിന്റെ വലിപ്പമുളള കുഞ്ഞൻ ഡ്രോണ്‍ വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ (NUDT) ഒരു റോബോട്ടിക് ലബോറട്ടറിയിലാണ് മൈക്രോ ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്.

സൈനിക പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമേ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചെറുതും ഒതുക്കമുളളതുമായ ഡ്രോണുകളാണ് മൈക്രോ ഡ്രോണുകള്‍. വിവിധ വ്യവസായങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും ആവശ്യമായ സേവനങൾ നൽകാനുള്ള കഴിവ് അവയ്ക്കുണ്ട്.

‘എന്റെ കയ്യില്‍ കൊതുകിനെപ്പോലുള്ള ഒരു തരം റോബോട്ടുണ്ട്. ഇതുപോലുളള മിനിയേച്ചര്‍ ബയോണിക് റോബോട്ടുകള്‍ യുദ്ധക്കളത്തിലെ നിരീക്ഷണങ്ങള്‍ക്കും പ്രത്യേക ദൗത്യങ്ങള്‍ക്കും അനുയോജ്യമാണ്’. NUDT യിലെ വിദ്യാര്‍ഥിയായ ലിയാങ് ഹെക്‌സിയാങ് തന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന ചെറിയ ഡ്രോണ്‍ കാണിച്ചുകൊണ്ട് സൈനിക ചാനലായ സിസിടിവി യോട് പറഞ്ഞു.

മൈക്രോ ഡ്രോണുകളുടെ പ്രത്യേകത

കൊതുകിന്റെ വലിപ്പമുള്ള ഡ്രോണിന് ഇരുവശത്തും ഇല പോലുള്ള ഘടനകളുള്ള രണ്ട് ചെറിയ ചിറകുകളും രോമം പോലെ നേര്‍ത്ത മൂന്ന് കാലുകളും ഉണ്ടായിരുന്നു. ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഇത് നിയന്ത്രിച്ചിരുന്നത്. ഏകദേശം 13 സെ.മീ നീളമുള്ള ഇതിന്‍റെ രൂപം കൊതുകിന് സമാനമായിരുന്നു.

മൈക്രോ ഡ്രോണുകളുടെ ഉപയോഗം

രഹസ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം മിനിയേച്ചര്‍ ഡ്രോണുകള്‍ വളരെ പ്രയോജനകരമാണ്. ഇവ രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാം. കാണാതായവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്താന്‍ ഇവ പ്രയോജനകരമാണ്. വായുവിന്റെയോ ജലത്തിന്റെയോ ഗുണനിലവാരം പോലെയുള്ള പാരിസ്ഥിതിക സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മൈക്രോ ഡ്രോണുകള്‍ സഹായിക്കും. ബാറ്ററികള്‍ ചെറുതായതിനാല്‍ സാധാരണയായി അവയ്ക്ക് പറക്കല്‍ സമയം കുറവാണ്. എന്നാലും ബാറ്ററി ലൈഫ് , സെന്‍സര്‍ സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ പ്രയോജനപ്പെടുത്തി മൈക്രോ ഡ്രോണുകളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

administrator

Related Articles