സിതാരെ സമീന്‍ പർ – തിരിച്ചു വരവ് ഗംഭീരമാക്കാൻ ആമിർ ഖാൻ

സിതാരെ സമീന്‍ പർ – തിരിച്ചു വരവ് ഗംഭീരമാക്കാൻ ആമിർ ഖാൻ

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആമിര്‍ ഖാന്‍ നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത സിതാരെ സമീന്‍ പര്‍ എന്ന ചിത്രമാണ് അത്. 2007 ല്‍ പുറത്തെത്തിയ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തിയ ചിത്രം ട്രെയ്‍ലര്‍ ഉള്‍പ്പെടെയുള്ള പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെത്തന്നെ കാണികളുടെ ശ്രദ്ധ നേടിയിരുന്നു.

ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച പ്രതികരണങ്ങള്‍ കൂടി വന്നതോടെ ചിത്രം വിജയിക്കുമെന്ന പ്രതിക്ഷയിലാണ് ഇന്‍ഡസ്ട്രി. ടിക്കറ്റ് വില്‍പ്പനയിലും കളക്ഷനിലും നടത്തുന്ന കുതിപ്പിലൂടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആമിര്‍ ഖാന്‍.

അതേസമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം നേടിയ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 10.6 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം ദിനമായ ശനിയാഴ്ച ഇത് ഇരട്ടിയിലധികം, 21.5 കോടിയിലേക്ക് എത്തി. ഇത് ഹിന്ദി പതിപ്പിന്‍റെ മാത്രം കാര്യമാണത്. തമിഴ് പതിപ്പ് ഇതുവരെ 20 ലക്ഷവും തെലുങ്ക് പതിപ്പ് 10 ലക്ഷവും നേടി. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ഇന്ത്യ നെറ്റ് കളക്ഷന്‍ 32.4 കോടിയില്‍ എത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം രണ്ട് മണിക്കൂർ 38 മിനിറ്റ് 46 സെക്കൻഡ് ആണ്. ചിത്രം സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡ് നിർദേശങ്ങൾ സ്വീകരിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറാകാതിരുന്നത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് കാരണമായിരുന്നു.

സ്പാനിഷ് ചിത്രമായ ‘ചാമ്പ്യൻസ്’ എന്ന സിനിമയുടെ റീമേക്കാണ് ‘സിത്താരേ സമീൻ പർ’. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.

administrator

Related Articles