വ്യാജ വാർത്തകൾ തടയാൻ പുതിയ ബില്ലുമായി കർണാടക

വ്യാജ വാർത്തകൾ തടയാൻ പുതിയ ബില്ലുമായി കർണാടക

ബെംഗളുരു: സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമം കൊണ്ടുവരാനൊരുങ്ങി കർണാടക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കുന്ന നിയമത്തിനാണ് വഴിയൊരുങ്ങുന്നത്.
വ്യാജ വാർത്ത നിരോധന നിയമത്തിന്റെ കരട് നിയമസഭയിൽ വെച്ചു. കർണാടക മിസിൻഫർമേഷൻ ആൻഡ് ഫെയ്ക്ക് ന്യൂസ് (പ്രൊഹിബിഷൻ) എന്ന പേരിലുള്ള ഈ ബിൽ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും.

കർണാടക നിയമസഭയുടെ ആഭ്യന്തര വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 2023 മുതൽ 2025 ജൂൺ 18 വരെ മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ വ്യാജ വാർത്തകൾ പങ്കുവെച്ചതിനും സംപ്രേഷണം ചെയ്തതിനും എതിരെ കർണാടകയിൽ ആകെ 259 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ ആറ് കേസുകളിൽ മാത്രമേ ശിക്ഷിക്കപ്പെടുകയും പിഴ ചുമത്തുകയും ചെയ്തിട്ടുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2023-ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം, വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ഒരു ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിംഗ് യൂണിറ്റ് (IDTU) രൂപീകരിച്ചു. യൂണിറ്റ് റിപ്പോർട്ട് ചെയ്ത കേസുകളും ഇതിൽ ഉൾപ്പെടുന്നു. അടുത്തിടെ, ലെജിസ്ലേറ്റീവ് കൗൺസിലിൽ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞത്, വ്യാജ വാർത്തകൾ പങ്കിടുന്ന സ്ഥാപനങ്ങൾക്കെതിരെ 2023-ൽ 107 കേസുകളും, 2024-ൽ 139 കേസുകളും, 2025-ൽ ഇതുവരെ 13 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്. 2023, 2024, 2025 വർഷങ്ങളിൽ യഥാക്രമം 48, 45, 2 കേസുകളുമായി ബെംഗളൂരു അർബൻ ജില്ലയാണ് പട്ടികയിൽ മുന്നിൽ, തൊട്ടുപിന്നിൽ 2023, 2024, 2025 വർഷങ്ങളിൽ യഥാക്രമം 19, 27, 3 കേസുകൾ റിപ്പോർട്ട് ചെയ്ത ഉത്തര കന്നഡ ജില്ലയാണ്.

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനും കനത്ത നടപടി സ്വീകരിക്കാനും പുതിയ നിയമം നടപ്പിലാകുന്നതോടെ സർക്കാറിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

തെറ്റായ വിവരങ്ങൾ കൈമാറുകയും അത് പൊതുജനാരോഗ്യം, പൊതു സുരക്ഷ, പൊതു സമാധാനം തുടങ്ങിയവക്ക് വെല്ലുവിളികൾ ഉയർത്തുകയും ചെയ്‌താൽ 2 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കരട് നിയമപ്രകാരം, സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ ആറ് അംഗ സോഷ്യൽ മീഡിയയിലെ വ്യാജ വാർത്താ നിയന്ത്രണ അതോറിറ്റി രൂപീകരിക്കും. കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും. ഓരോ പ്രത്യേക കോടതിയിലും കുറഞ്ഞത് ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കും.
ഇന്ത്യയിലെ ജനസംഖ്യയുടെ 27% പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ചൈനക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണെന്നും കരടിൽ പറയുന്നു. “ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തി സോഷ്യൽ മീഡിയയാണ്, എന്നാൽ അതിൻ്റെ ഉപയോഗത്തിലും ജാഗ്രത ആവശ്യമാണ്. ഒരു ചെറിയ വ്യാജ വാർത്തയ്ക്ക് രാജ്യമെമ്പാടും ഒരു കോളിളക്കം സൃഷ്ടിക്കാൻ കഴിയുമെന്നും കരടിൽ പറയുന്നു.

administrator

Related Articles