എമ്മി പുരസ്‌കാരത്തില്‍ ചരിത്ര നേട്ടവുമായി 15കാരന്‍ ഓവന്‍ കൂപ്പര്‍

എമ്മി പുരസ്‌കാരത്തില്‍ ചരിത്ര നേട്ടവുമായി 15കാരന്‍ ഓവന്‍ കൂപ്പര്‍

എമ്മി പുരസ്‌കാരത്തില്‍ ചരിത്രം സൃഷ്ടിച്ച് നടന്‍ ഓവന്‍ കൂപ്പര്‍. വെറും 15 വയസ് മാത്രമുള്ള ഓവന്‍ അഡോളസന്‍സ് എന്ന സീരീസിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള എമ്മി പുരസ്‌കാരം നേടി. ഇതോടെ എമ്മിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവിനുള്ള പുരസ്‌കാര ജേതാവായി ഓവന്‍ മാറി.

സഹനടന്‍ ആഷ്‌ലി വാള്‍ട്ടേഴ്‌സ്, ജാവിയര്‍ ബാര്‍ഡെം, ബില്‍ ക്യാമ്പ്, പീറ്റര്‍ സര്‍സ്ഗാര്‍ഡ്, റോബ് ഡെലാനി എന്നിങ്ങനെ നോമിനികളായ അഞ്ച് മുതിര്‍ന്ന താരങ്ങളെ പിന്‍തള്ളിയാണ് ഓവന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

ജൂലൈയില്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോമിനി എന്ന റെക്കോര്‍ഡ് താരം നേടിയിരുന്നു. വിജയത്തോടെ ജാക്ക് തോണും സ്റ്റീഫന്‍ ഗ്രഹാമും ചേര്‍ന്ന് സൃഷ്ടിച്ച നെറ്റ്ഫ്‌ളിക്‌സ് ലിമിറ്റഡ് സീരീസില്‍ മാഞ്ചസ്റ്റര്‍ സ്വദേശിയായ നടന്‍ റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

ഇതിന് മുമ്പ് ലിമിറ്റഡ് സീരീസിലെ ഏറ്റവും പ്രായം കുറഞ്ഞ സഹനടന്‍ എന്ന പദവി ജാരല്‍ ജെറോം നേടിയിരുന്നു. 2019ല്‍ വെന്‍ ദേ സീ അസ് എന്ന മിനി സീരീസിലെ പ്രകടനത്തിന് 21 വയസുള്ളപ്പോളാണ് ഈ ബഹുമതി അദ്ദേഹം നേടിയത്. എന്നാല്‍ എമ്മി ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പുരസ്‌കാര ജേതാവ് കൂപ്പര്‍ അല്ല. 1984ല്‍ സംതിംഗ് എബൗട്ട് അമേലിയ എന്ന ചിത്രത്തിന് 14 വയസുള്ളപ്പോള്‍ പുരസ്‌കാരം നേടിയ റോക്‌സാന സാലാണ് ആ റെക്കോര്‍ഡിന് അര്‍ഹ.

administrator

Related Articles