ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് സ്റ്റാർലിങ്ക് എന്ന വാർത്ത കുറച്ചു ദിവസം മുമ്പാണ് പുറത്തു വന്നത്. എന്നാലിപ്പോൾ ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനി വലിയ നവീകരണത്തിന് തയ്യാറെടുക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്.
2026 മുതൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിട്ടുള്ള പുതിയ തലമുറ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സ്റ്റാർലിങ്ക് നെറ്റ്വർക്കിന്റെ നവീകരണത്തോടെ സേവനത്തിന് നിലവിലുള്ളതിനേക്കാൾ 10 മടങ്ങിലേറെ വേഗം കൈവരിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സ്റ്റാർലിങ്ക് ഇതിനകം 100-ലധികം രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ലോകമെമ്പാടുമായി ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കൾ അവർക്കുണ്ട്.
ഇന്ത്യയിലെത്താനുളള നീക്കങ്ങൾ സ്റ്റാർലിങ്ക് കുറച്ചുകാലമായി നടത്തിവരികയാണ്. ഇപ്പോൾ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ അനുമതി ലഭിച്ചതിനാലും സ്പെക്ട്രം ക്ലിയറൻസുകൾ പൂർത്തിയായി വരുന്നതിനാലും ഈ വർഷാവസാനമോ 2026 ആദ്യത്തോടെയോ അവർ ഇന്ത്യയിൽ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030 വരെ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ജെൻ1 (Gen1) സാറ്റലൈറ്റ് നെറ്റ്വർക്ക് പ്രവർത്തിപ്പിക്കാൻ സ്റ്റാർലിങ്കിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ നെറ്റ്വർക്ക് കെഎ, കെയു ബാൻഡ് ഫ്രീക്വൻസികളിൽ പ്രവർത്തിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് എത്തിക്കും. ഇന്ത്യയിലുടനീളം ഇന്റർനെറ്റ് ഡാറ്റ അയയ്ക്കാനും സ്വീകരിക്കാനും നിർദ്ദിഷ്ട സാറ്റലൈറ്റ് സിഗ്നലുകൾ ഉപയോഗിക്കാൻ സ്റ്റാർലിങ്കിന് ഇപ്പോൾ ഔദ്യോഗിക അനുമതിയുണ്ട്.
തുടക്കത്തിൽ ഇന്ത്യയിൽ 25 Mbps മുതൽ 220 Mbps വരെ വേഗം നൽകാനാണ് സ്റ്റാർലിങ്ക് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ ഏകദേശം 600 മുതൽ 700 Gbps വരെ ഡാറ്റാ ശേഷിയും ഉണ്ടാകും. ഫൈബർ നെറ്റ്വർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണെന്ന് തോന്നാമെങ്കിലും ശരിയായ ഇന്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങൾക്ക് ഇതൊരു അനുഗ്രഹമായേക്കാം.
അടുത്ത വർഷം വിക്ഷേപിക്കാനിരിക്കുന്ന അടുത്ത തലമുറ ഉപഗ്രഹങ്ങൾ, ഓരോ ഉപഗ്രഹത്തിനും 1,000 Gbps-ൽ (അല്ലെങ്കിൽ 1 Tbps) കൂടുതൽ ഡൗൺലിങ്ക് ശേഷിയും 200 Gbps-ൽ കൂടുതൽ അപ്ലിങ്ക് ശേഷിയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് നിലവിൽ ഉപഗ്രഹങ്ങൾ നൽകുന്നതിനേക്കാൾ യഥാക്രമം 10 മടങ്ങും 24 മടങ്ങും കൂടുതലാണ്.