ജയിംസ് ഗണ്‍ സംവിധാനം ചെയ്ത ഡിസി കോമിക്‌സ് ചിത്രം സൂപ്പര്‍മാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വലിയ കളക്ഷന്‍ നേടാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ.
റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോള്‍ 27.35 കോടിയാണ് സിനിമയുടെ ഇന്ത്യന്‍ കളക്ഷന്‍. ആദ്യ ദിനം 6.75 കോടി നേടിയ സിനിമ രണ്ടാം ദിനം 9 കോടി വാരിക്കൂട്ടിയിരുന്നു. എന്നാല്‍ നാലാം ദിനമായ ഇന്നലെ കളക്ഷനില്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2.85 കോടി മാത്രമാണ് സിനിമയ്ക്ക് ഇന്നലെ നേടാനായത്. അതേസമയം മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2D, 3D വേര്‍ഷനുകളില്‍ ഐമാക്‌സ് ഉള്‍പ്പെടെയുള്ള സ്‌ക്രീനുകളിലാണ് സൂപ്പര്‍മാന്‍ പ്രദര്‍ശനത്തിന് എത്തിയത്.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഒരു ഹോളിവുഡ് ചിത്രം നേടുന്ന മൂന്നാമത്തെ വലിയ ഓപ്പണിങ് ആയിരുന്നു സൂപ്പര്‍മാന്‍ ആദ്യ ദിനം നേടിയത്. പക്ഷെ ടോം ക്രൂസ് ചിത്രമായ മിഷന്‍ ഇമ്പോസിബിളിനെ കളക്ഷനില്‍ സൂപ്പര്‍മാന് മറികടക്കാനായില്ല. ടോം ക്രൂസ് ചിത്രമായ മിഷന്‍ ഇമ്പോസിബിള്‍ 15.50 കോടി ആയിരുന്നു ആദ്യ ദിനം ഇന്ത്യയില്‍ നിന്നും നേടിയത്.
ഡേവിഡ് കൊറെന്‍സ്വെറ്റ് ആണ് ഇക്കുറി സൂപ്പര്‍മാനായി എത്തുന്നത്. ലൂയിസ് ലെയ്ന്‍ ആയി റേച്ചല്‍ ബ്രൊസ്‌നഹാന്‍ അഭിനയിക്കുന്നു. വില്ലനായ ലെക്‌സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗള്‍ട് ആണ്. എഡി ഗത്തേഗി, ആന്റണി കാരിഗന്‍, നഥാന്‍ ഫിലിയോണ്‍, ഇസബെല്ല മെഴ്‌സ്ഡ്, സ്‌കൈലര്‍ ഗിസോണ്ടോ, സാറ സാംപയോ, മരിയ ഗബ്രിയേല ഡി ഫാരിയ, വെന്‍ഡല്‍ പിയേഴ്‌സ്, അലന്‍ ടുഡിക്, പ്രൂട്ട് ടെയ്‌ലര്‍ വിന്‍സ്, നെവ ഹോവല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.