സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍

സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍

സിനിമാ ടിക്കറ്റിന് പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. ടിക്കറ്റ് നിരക്ക് പരമാവധി ഈടാക്കാവുന്ന തുക 200 രൂപയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 2014 ലെ കര്‍ണാടക സിനിമാസ് (റെഗുലേഷന്‍) നിയമങ്ങളില്‍ പുതുതായി കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് ടിക്കറ്റ് വില നികുതി ഉള്‍പ്പെടെ 200 ആയി പരിമിതപ്പെടുത്തിയത്. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ മുതല്‍ ഹൈഎന്‍ഡ് മള്‍ട്ടിപ്ലക്‌സുകള്‍ക്ക് വരെ ഈ നിരക്ക് ബാധകമായിരിക്കും.
ടിക്കറ്റ് നിരക്കിന് 200 രൂപ പരിധി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

എല്ലാ ഭാഷയിലുള്ള സിനിമകള്‍ക്കും നിരക്ക് ഇതിന് അനുസരിച്ച് തന്നെയായിരിക്കും. സിനിമാ സംഘടനകള്‍ക്ക് നിയമ ഭേതഗതിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ 15 ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കാം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ കന്നഡ ചിത്രങ്ങള്‍ കാണാനെത്തുമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.

സിദ്ധരാമയ്യ 2017ല്‍ മുഖ്യമന്ത്രിയായ കാലത്ത് മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ എല്ലാ തിയറ്ററുകളിലും സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കാന്‍ തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്തെത്തുകയായിരുന്നു. മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയെയും സമീപിച്ചു. ഇതോടെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവുകയായിരുന്നു.

administrator

Related Articles