ഹൈദരാബാദ്: കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ തങ്ങളുടെ 5ജി സേവനത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമായിരുന്നു പേരിടൽ. ക്വാണ്ടം 5ജി എന്നാണ് ബിഎസ്എൻഎലിന്റെ 5ജി സേവനത്തിന് പേര്. ചുരുക്കത്തിൽ ഇതിനെ ക്യൂ5ജി എന്ന് വിളിക്കുന്നു. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഎസ്എൻഎൽ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്സസും ആരംഭിച്ചു. ഈ സാങ്കേതികവിദ്യയിലൂടെ സിം ഇല്ലാതെ ബിഎസ്എൻഎൽ അതിവേഗ ഇന്റർനെറ്റ് നൽകും. ഹൈദരാബാദിലെ ഈ സേവനം ബിഎസ്എൻഎല്ലിന്റെ അമീർപേട്ട് എക്സ്ചേഞ്ചിൽ ബിഎസ്എൻഎൽ/എംടിഎൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി ഉദ്ഘാടനം ചെയ്തു.
ബിസിനസിനും സംരംഭങ്ങൾക്കുമായി പ്രത്യേകം നിർമ്മിച്ച 5ജി ഇന്റർനെറ്റ് ലീസ് ലൈനാണ് Q-5G ഫിക്സഡ് വയർലെസ് ആക്സസ് സർവീസ്. സിം ഇല്ലാതെയും കേബിളുകള്‍ ഇല്ലാതെയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പൂര്‍ണ തദ്ദേശീയ 5ജി എഫ്ഡബ്ല്യുഎ സേവനം ആണിത്. ഇത് പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എന്‍എല്‍ വികസിപ്പിച്ചെടുത്തതാണ്. ക്വാണ്ടം 5ജി എഫ്ഡബ്ല്യുഎ സേവനം അതിവേഗ ഡാറ്റ മാത്രമേ നൽകൂ എന്നും വോയ്സ് കോളിംഗ് സൗകര്യം ഉണ്ടാകില്ല എന്നും ബിഎസ്എൻഎൽ പറയുന്നു. 100 എംബിപിഎസ് പ്ലാനിന് കമ്പനി തുടക്കത്തിൽ 999 രൂപയും 300 എംബിപിഎസ് പ്ലാനിന് 1,499 രൂപയുമാണ് ഈടാക്കുന്നത്.