വളര്‍ന്നുവരുന്ന ക്രിയേറ്റര്‍മാരെ സഹായിക്കാന്‍ പുതിയ ഹൈപ്പ് ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് യൂട്യൂബ്. 500 മുതല്‍ 5 ലക്ഷം വരെ സബ്‌സ്‌ക്രൈബര്‍മാരുള്ള ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടിയാണ് ഈ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ വീഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനും വീഡിയോ കൂടുതല്‍ പ്രചരിക്കുന്നതിനും ഈ ഫീച്ചര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഈ ഫീച്ചര്‍ ഉപയോഗിച്ച് പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള, വളര്‍ന്നുവരുന്ന ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് ഹൈപ്പ് കൊടുക്കാനാവും.
വീഡിയോ കാണുന്ന കാഴ്ചക്കാര്‍ക്കാണ് ഒരു വീഡിയോ ഹൈപ്പ് ചെയ്യാനാവുക. ഇതുവഴി വീഡിയോകള്‍ക്ക് പോയിന്റുകള്‍ ലഭിക്കുകയും പുതിയതായി അവതരിപ്പിച്ച ലീഡര്‍ബോര്‍ഡില്‍ മുന്‍നിരയില്‍ സ്ഥാനം ലഭിക്കുകയും ചെയ്യും. ഒരു വീഡിയോ പബ്ബിഷ് ചെയ്ത് ഏഴ് ദിവസത്തിന് ശേഷമാണ് ഹൈപ്പ് ഓപ്ഷന്‍ ലഭ്യമാവുക. കമന്റ് സെക്ഷനില്‍ ഇടത്തോട്ട് സ്വൈയ്പ്പ് ചെയ്താല്‍ ഹൈപ്പ് ഓപ്ഷന്‍ കാണാം. അല്ലെങ്കില്‍ മെനുവില്‍ നിന്നും ഹൈപ്പ് ഓപ്ഷന്‍ എടുക്കാം. ഇടക്കിടെ ഹൈപ്പ് ചെയ്യുന്നവര്‍ക്ക് ഹൈപ്പ് സ്റ്റാര്‍ ബാഡ്ജും നല്‍കും. ഒരാഴ്ച മൂന്ന് തവണ വീഡിയോകള്‍ക്ക് ഹൈപ്പ് കൂട്ടാം. ഇത് സൗജന്യമാണ്. എന്നാല്‍ പണം നല്‍കി കൂടുതല്‍ തവണ ഹൈപ്പ് വര്‍ധിപ്പിക്കാനാവും.
യൂട്യൂബിലെ എക്‌സ്‌പ്ലോര്‍ സെക്ഷന് കീഴിലാണ് ലീഡര്‍ ബോര്‍ഡ് ഉണ്ടാവുക. മുൻപത്തെ ആഴ്ച ഏറ്റവും കൂടുതല്‍ ഹൈപ്പ് ലഭിച്ച 100 വീഡിയോകളാണ് ഇതിലുണ്ടാവുക. ഒരു രാജ്യത്തെ എല്ലാവര്‍ക്കും ഒരേ ലീഡര്‍ബോര്‍ഡ് ആണ് കാണുക. ഇതുവഴി പ്രാദേശിക ഉള്ളടക്കങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തും. കൂടുതല്‍ ഹൈപ്പ് ലഭിക്കുന്ന വീഡിയോകള്‍ ലീഡര്‍ ബോര്‍ഡില്‍ മുന്നിലെത്തും. അവ ക്രമേണ യൂട്യൂബിലെ ഹോം ഫീഡിലും പ്രത്യക്ഷപ്പെടും.
ഇപ്പോഴാണ് ഹൈപ്പ് ഇന്ത്യയിൽ ലഭ്യമാകുന്നതെങ്കിലും ഈ ഫീച്ചര്‍ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. തുര്‍ക്കി, തായ് വാന്‍, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഹൈപ്പ് ആദ്യം പരീക്ഷിച്ചത്.