വിഎസിന് വിട ചൊല്ലി കേരളം

വിഎസിന് വിട ചൊല്ലി കേരളം

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ, സമര ചരിത്രത്തിൽ തിളങ്ങുന്ന അടയാളമായി മാറിയ വി.എസ്. അച്യുതാനന്ദന് കേരളം ആദരപൂർവ്വം വിടചൊല്ലുന്നു. ഇന്നലെ പകൽ തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച വിലാപയാത്ര ജനനിബിഡമായ വഴിത്താരകളിലുടെ ഇന്ന് ആലപ്പുഴയിലെത്തി. ആദര മർപ്പിക്കാൻ വഴി നീളെ ലക്ഷക്കണക്കിന് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പുന്നപ്ര സമരനായകനും സിപിഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസിന്റെ അന്ത്യം. പട്ടം എസ് യു ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പ്രതിപക്ഷ നേതാവ്, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ,
സിപിഎം സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എക്കാലവും ഓർത്തുവെക്കും വിധമുള്ള സംഭാവനകൾ നൽകിയാണ് വിഎസ് വിടവാങ്ങുന്നത്.
2021ൽ പക്ഷാഘാതത്തെ തുടർന്ന് ഭരണപരി ഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ച് വിശ്രമത്തിലായിരുന്നു
വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെ സ്ഥിതി അതീവ ഗുരുതരമായി.

ഏറെ ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു
വി.എസ്. അച്യുതാനന്ദൻ. വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നു് ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

1923ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദന്റെ ജനനം. ദുരിതപൂർണ്ണമായ ബാല്യമായിരുന്നു വി എസ് അച്യുതാനന്ദന്റേത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധിച്ച് അച്ഛനും അമ്മയും വിഎസിന് നഷ്ടമായി. പിന്നീട് സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം. ജീവിത ദുരിതങ്ങളെ തുടർന്ന് വി എസിന് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരൻ്റെ ജൗളിക്കടയിൽ സഹായിയായി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 17ാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.

കുട്ടനാട്ടെ പാടശേഖരങ്ങളിൽ കർഷകരുടെ അവകാശപോരാട്ടങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായപ്പോൾ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ
വിഎസ് നേതൃപരമായി ഇടപെടൽ നടത്തി. പിന്നീട് പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും പങ്കെടുത്തു.പുന്നപ്ര വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വിഎസ് നേരിട്ടത് കൊടിയ പൊലീസ് മർദനമായിരുന്നു.

ഐക്യകേരള രൂപീകരണത്തിന് മുൻപ് 1952ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വിഎസ് നിയോഗിതനായി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന 32 നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി വി എസ് മാറി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന
വിഎസ് അച്യുതാനന്ദൻ 1985ൽ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992വരെ ഒരു വ്യാഴവട്ടക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.

1965ൽ വിഎസ് അച്യുതാനന്ദൻ ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും അമ്പലപ്പുഴയിൽ പരാജയപ്പെട്ടു. പിന്നീട് 1967 ലും 1970ലും അമ്പലപ്പുഴയിൽ നിന്ന് വിജയിച്ചെങ്കിലും 1977 ൽ വീണ്ടും അച്യുതാനന്ദനെ അമ്പലപ്പുഴ കൈവിട്ടു. പിന്നീട് 1991ലായിരുന്നു
വിഎസ് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് വരുന്നത്. അന്ന് മാരാരിക്കുളത്ത് നിന്നായിരുന്നു
വിഎസ് മത്സരിച്ചത്. 1991ൽ രാജീവ് ഗാന്ധിയുടെ ആകസ്മിക മരണം തുടർഭരണം പ്രതീക്ഷിച്ചിരുന്ന ഇടതുമുന്നണിക്ക് തിരിച്ചടിയായി. മാരാരിക്കുളത്ത് നിന്നും വിജയിച്ച വിഎസ് അച്യുതാനന്ദൻ പിന്നീട് 1992ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ഇടതുമുന്നണി അധികാരത്തിൽ വന്നെങ്കിലും മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദൻ പരാജയപ്പെട്ടു. സിപിഐഎം വിഭാഗീയതയുടെ തുടർച്ചയായിരുന്നു
വിഎസ് അച്യുതാനന്ദന്റെ പരാജയം. പിന്നീട് 2001ൽ മലമ്പുഴയിൽ നിന്ന്
വിഎസ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്ന് യുഡിഎഫ് സർക്കാരാണ് അധികാരത്തിൽ വന്നത്. അതോടെ വീണ്ടും പ്രതിപക്ഷ നേതാവായി. 2006ൽ മലമ്പുഴയിൽ നിന്നും വിജയിച്ച് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2011ൽ വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവിൽ ഇടതുമുന്നണിക്ക് തുടർഭരണം നഷ്ടമായി. വി എസ് അച്യുതാനന്ദൻ വീണ്ടും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ വിഎസ് വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിണറായി വിജയനെ സിപിഐഎം പൊളിറ്റ്ബ്യൂറോ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയായിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസ് പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ കൂടി പേരിലാണ് ശ്രദ്ധേയനാകുന്നത്. വ്യത്യസ്ത നിലപാടുകളുടെ പേരിൽ പലതവണ പാർട്ടി അച്ചടക്ക നടപടിയ്ക്ക് വിധേയനായിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ
എം.വി.രാഘവൻ ബദൽരേഖയുമായി രംഗത്ത് വന്നപ്പോഴും പിന്നീട് എം.വി. രാഘവൻ സിപിഐഎമ്മിനെ വെല്ലുവിളിച്ച് പാർട്ടി വിട്ടപ്പോഴും ഔദ്യോഗിക നിലപാടിനൊപ്പം പാർട്ടിയെ ഉറപ്പിച്ച് നിർത്തിയത് വിഎസിന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു. പ്രധാനപ്പെട്ട പലനേതാക്കളും പാർട്ടി വിട്ടപ്പോഴും സിപിഐഎമ്മിനെ കരുത്തോടെ നയിക്കാൻ വിഎസിന് സാധിച്ചിരുന്നു. പിന്നീട് 1992ലെ കോഴിക്കോട് സമ്മേളനത്തിൽ ഇ.കെ. നായനാർ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച് വി എസിനെ പരാജയപ്പെടുത്തിയത് സിപിഐഎമ്മിലെ വിഭാഗീയതയുടെ തുടക്കമായിരുന്നു.

പിന്നീട് നടന്ന രണ്ട് സമ്മേളനങ്ങളിൽ വിഎസ് തനിക്കെതിരായ പക്ഷത്തിന്റെ ചിറകരിഞ്ഞു. ഇതിന്റെ പേരിലും വിഎസിന് പാർട്ടിയുടെ താക്കീത് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പിന്നീട് പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ വന്നതോടെയാണ് സിപിഐഎമ്മിനെ ഒന്നര പതിറ്റാണ്ടോളം പിന്തുടർന്ന വിഭാഗീയ കാലത്തിന് അവസാനമാകുന്നത്. പാർട്ടിയിലെ നയവ്യതിയാനമെന്ന നിലപാടുയർത്തി വിഎസ് നടത്തിയ പോരാട്ടങ്ങൾ സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ ഉൾപ്പാർട്ടി സമരങ്ങളുടെ കാലമായിരുന്നു.
മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേ നടത്തിയ കർശന നടപടി വിഎസ് ഭരണകാലത്തെ ഏറ്റവും പ്രധാന സംഭവ വികാസമായിരുന്നു.

എക്കാലത്തും ഒഴുക്കിനെതിരേ നീന്താനാ യിരുന്നു രാഷ്ട്രീയത്തിൽ വിഎസിന്റെ നിയോഗം. എതിർനീക്കങ്ങളെയൊക്കെ പരാജയപ്പെടു ത്താനും വലിയ ജനകീയത നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. അടിത്തട്ടിലുള്ള മനുഷ്യരോട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ കാലത്തെ സാമൂഹ്യ സാമ്പത്തിക പ്രവണതകൾ മനസ്സിലാക്കി ഇടപെടാനുമുള്ള കഴിവ്
വിഎസി നെ ജനഹൃദയങ്ങളിലെ താരമാക്കി. കേരളത്തിൻ്റെ മനസ്സിൽ അമരതാരമായി വിഎസ് എന്നുമുണ്ടാവും.

administrator

Related Articles