ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ജെമിനിക്ക് വാട്‌സാആപ്പ് ചാറ്റുകള്‍ വായിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓഫാക്കി വെച്ചാലും വാട്‌സാആപ്പ് പോലുള്ള ആപ്പുകള്‍ ജെമിനിക്ക് ഉപയോഗിക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജൂലൈ 7 മുതലുള്ള ഫോണ്‍ സന്ദേശങ്ങള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ജെമിനി സഹായിക്കും എന്ന ഉള്ളടക്കത്തോടെ കഴിഞ്ഞ ആഴ്ച ആന്‌ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഇമെയില്‍ വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാകും ഇത് ലഭ്യമാവുക എന്നും മെയിലില്‍ പറയുന്നു.
ജെമിനി ആപ്പ് ഗൂഗിള്‍ എഐ യിലേക്ക് നേരിട്ട് ആക്‌സസ് നല്‍കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം ഓണ്‍ ആണെങ്കിലും ഓഫ് ആണെങ്കിലും ചാറ്റുകളൊക്കെ 72 മണിക്കൂര്‍ വരെ നിങ്ങളുടെ അക്കൗണ്ടില്‍ സേവ് ചെയ്യപ്പെടും എന്ന് ഗൂഗിള്‍ പറയുന്നു. ഉപയോക്താക്കളുടെ മുന്‍ഗണന പരിഗണിക്കാതെ അവരുടെ വാട്‌സാആപ്പ് ചാറ്റുകളുടെ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുന്ന സ്വകാര്യ ഡാറ്റ ഗൂഗിള്‍ സംഭരിക്കുകയാണിത് വഴി എന്നൊരു വിമര്‍ശനം ഇതിനെതിരെ ഉയരുന്നുണ്ട്. ഈ ജെമിനി എഐ ചാറ്റ്‌ബോട്ട് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കുകയും ഉപയോക്താവിന്റെ പേരില്‍ മറുപടി അയക്കാനും കഴിയുന്നത് ഉപയോഗപ്രദമാണെങ്കിലും ഇത് സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിമര്‍ശകരുടെ ആക്ഷേപം.