ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ കോഴിക്കോട് നടക്കുന്ന റീജിയണല്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന റീജിയണല്‍ ഐ എഫ് എഫ് കെയില്‍ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, കോറണേഷന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. ദിവസവും 5 പ്രദര്‍ശനങ്ങളുണ്ടാവും. 2024 ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന 28ാമത് ഐഎഫ്എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് റീജിയണല്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
ലോക സിനിമാ വിഭാഗത്തില്‍ 14, ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ 7, മലയാളം സിനിമാ വിഭാഗത്തില്‍ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 14 ചിത്രങ്ങള്‍ എന്നിവ കൂടാതെ കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാളം, ആസ്സാമീസ് ഭാഷകളില്‍ നിന്ന് ഓരോന്നു വീതം, ഫീമെയില്‍ ഗെയ്‌സ് വിഭാഗത്തില്‍ മൂന്ന്, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ അഞ്ച് എന്നിങ്ങനെയാണ് സിനിമകളുടെ തിരഞ്ഞെടുപ്പ്. ഇവ കൂടാതെ അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുര്‍ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിക്കും.
രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകള്‍ക്കാണ് പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ്,വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപയും. https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൈരളി തിയേറ്ററില്‍ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.