വീഡിയോ കണ്ടന്റുകളില്‍ പരസ്യം ഉള്‍പ്പെടുത്തി ഉപയോക്താക്കള്‍ക്ക് വരുമാനം ലഭ്യമാക്കുന്ന മോണിറ്റൈസേഷനില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി യൂട്യൂബ്. മറ്റുള്ളവരുടെ വീഡിയോയിലെ ആശയങ്ങള്‍ മോഷ്ടിച്ച് പുതിയ വീഡിയോ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് യൂട്യൂബ് മോണിറ്റൈസേഷന്‍ നയങ്ങള്‍ മാറ്റിയെഴുത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആവര്‍ത്തന സ്വഭാവമുള്ള വീഡിയോകള്‍ക്ക് ഇനി പരസ്യവരുമാനം ലഭിക്കാനിടയില്ല. ഇത്തരം വീഡിയോകള്‍ തിരിച്ചറിയാനുള്ള സംവിധാനം യൂട്യൂബ് ഏര്‍പ്പെടുത്തി. ജൂലൈ 15 മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും.
ആവര്‍ത്തന സ്വഭാവമുള്ളതുമായ ഉള്ളടക്കം തിരിച്ചറിയാനും വിലയിരുത്താനും മോണിറ്റൈസേഷന്‍ നയം പരിഷ്‌കരിക്കാനുള്ള തീരുമാനം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് പ്രഖ്യാപിച്ചത്. കണ്ടന്റ് യഥാര്‍ത്ഥവും ആധികാരികവുമായ ഉള്ളടക്കം അപ്ലോഡ് ചെയ്യണമെന്ന് യൂട്യൂബ് എപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
യൂട്യൂബില്‍ നിന്ന് പണം സമ്പാദിക്കുന്നവര്‍ ആധികാരികമായ ഉള്ളടക്കമായിരിക്കണം പ്രസിദ്ധീകരിക്കേണ്ടതെന്ന് മോണിറ്റൈസേഷന്‍ നയത്തിന്റെ തുടക്കത്തില്‍ തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തിൽ രണ്ട് നിബന്ധനകളുണ്ട് –
1- ആരെങ്കിലുമൊരാള്‍ മറ്റൊരാളുടെ ഉള്ളടക്കം കടമെടുക്കാന്‍ പാടില്ല. അങ്ങനെ കടമെടുക്കുകയാണെങ്കില്‍ അത് സ്വന്തമാണെന്ന് അവകാശപ്പെടാന്‍ തക്കവിധം കാര്യമായ മാറ്റങ്ങള്‍ വരുത്തണം.
2- ആവര്‍ത്തന സ്വഭാവമുള്ള ഉള്ളടക്കം വിനോദ ആവശ്യങ്ങള്‍ക്കോ പ്രേക്ഷകരുടെ വിദ്യാഭ്യാസത്തിനോ വേണ്ടിയായിരിക്കണമെന്നും കാഴ്ചകള്‍ നേടാന്‍ മാത്രമായിരിക്കരുതെന്നും ഇത് വ്യക്തമാക്കുന്നു.