വ്യത്യസ്തമായ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ ഗ്രില്‍ ചെയ്യുന്നതും ഒട്ടകപ്പക്ഷിയെ ഗ്രില്‍ ചെയ്യുന്നതുമായി രാജ്യത്തിനകത്തും പുറത്തുമായും നിരവധി വീഡിയോകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. യൂട്യൂബ് വീഡിയോ മാത്രമായി ഇനി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും യൂട്യൂബില്‍ സ്ഥിരമായി വീഡിയോ പങ്കുവെയ്ക്കുന്നത് നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ ഫിറോസ് ചുട്ടിപ്പാറ.
ആളുകള്‍ പ്രധാനമായും ഷോര്‍ട്‌സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകള്‍ ചെയ്താല്‍ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ട് താനും സുഹൃത്തും ചേര്‍ന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. യൂട്യൂബ് ലൈവിലൂടെയായിരുന്നു ഫിറോസ് ചുട്ടിപ്പാറയുടെ പ്രഖ്യാപനം. യുഎഇ ആസ്ഥാനമായിട്ടായിരിക്കും തന്റെ പുതിയ ബിസിനസ് എന്നും യുട്യൂബ് സ്ഥിരമായി നിര്‍ത്തില്ലെന്നും റീലുകളും സമയം കിട്ടുന്നതിന് അനുസരിച്ച് വീഡിയോകളും പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധേയനാവുന്നത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്വദേശിയായ ഫിറോസ് മുമ്പ് പ്രവാസിയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഫിറോസ് ‘ക്രാഫ്റ്റ് മീഡിയ’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും പിന്നീട് ഇത് വില്ലേജ് ഫുഡ് ചാനല്‍ എന്ന് പേര് മാറ്റുകയുമായിരുന്നു.