ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം
2025 മെയ് മാസം ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.
ഇപ്പോൾ 974.87 ദശലക്ഷം വരിക്കാരുണ്ട്. ഏപ്രിലില്‍ 943.09 ദശലക്ഷം വരിക്കാരില്‍ നിന്ന് 3.37
ശതമാനം പ്രതിമാസ വളര്‍ച്ചയാണ് ഉണ്ടായത്.
ഫിക്സെഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ്
പ്രധാനമായും വളര്‍ച്ചയ്ക്ക് കാരണമായത്. ഇത് 60.06% വര്‍ധനവ് രേഖപ്പെടുത്തി ഏപ്രിലിലെ 4.87
ദശലക്ഷത്തില്‍ നിന്ന് മെയ് മാസത്തില്‍ 7.79 ദശലക്ഷമായി.
മുന്‍നിര ബ്രോഡ്ബാന്‍ഡ് ദാതാക്കളില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് 494.47 ദശലക്ഷം
വരിക്കാരുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി വിപണിയുടെ 50.72 ശതമാനം പിടിച്ചെടുത്തു.
തൊട്ടുപിന്നാലെ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് 302.15 ദശലക്ഷം (30.99 ശതമാനം), വോഡഫോണ്‍ ഐഡിയ
ലിമിറ്റഡ് 126.86 ദശലക്ഷം, (12.99 ശതമാനം); ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) 34.32 ദശലക്ഷം
(3.52 ശതമാനം), ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസ് ലിമിറ്റഡ് 2.32 ദശലക്ഷം (0.24 ശതമാനം)
എന്നിവയുമാണ് തൊട്ടുപിറകെ. 2025 മെയ് 31 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം ബ്രോഡ്ബാന്‍ഡ്
വിപണിയുടെ 98.47 ശതമാനവും ഈ അഞ്ച് മുന്‍നിര ദാതാക്കളാണ് കൈയടക്കിയിരിക്കുന്നത്.
ഫിക്‌സഡ് വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ 13.51 ദശലക്ഷം വരിക്കാരുമായി റിലയന്‍സ് ജിയോ
മുന്നിലെത്തി. തൊട്ടുപിന്നില്‍ ഭാരതി എയര്‍ടെല്‍: 9.26 ദശലക്ഷം, ബിഎസ്എന്‍എല്‍: 4.32 ദശലക്ഷം,
ആട്രിയ കണ്‍വെര്‍ജന്‍സ്: 2.32 ദശലക്ഷം, കേരള വിഷന്‍: 1.34 ദശലക്ഷം. വയര്‍ഡ് ബ്രോഡ്ബാന്‍ഡ് വിപണിയുടെ
69.74 ശതമാനവും ഈ അഞ്ച് കമ്പനികളാണ് കൈയടക്കിയത്.
വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ റിലയന്‍സ് ജിയോ 480.96 ദശലക്ഷം വരിക്കാരുമായി മുന്നിലെത്തി.
ഭാരതി എയര്‍ടെല്‍ 292.89 ദശലക്ഷവുമായി തൊട്ടുപിന്നില്‍, വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്ലും
യഥാക്രമം 126.67 ദശലക്ഷവും 29.99 ദശലക്ഷം ഉപഭോക്താക്കളായി. ഐബസ് വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസസ്
0.09 ദശലക്ഷം വരിക്കാരുമായി ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി.