ആഗോളതലത്തിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബാന്‍ഡ് ഗ്രൂപ്പാണ് സൗത്ത് കൊറിയയിലെ ബോയ് ബാന്‍ഡ് ഗ്രൂപ്പായ ബിടിഎസ്. ഏറെ പേരുമ നേടി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു നിര്‍ബന്ധിത സൈനിക സേവനത്തിന് വേണ്ടി അപ്രതീക്ഷിതമായി ബാന്‍ഡ് പിരിച്ചു വിട്ടത്. അത് ബിടിഎസ് ആരാധകരെയായിരുന്നു നിരാശയിലും സങ്കടത്തിലുമാക്കി. എന്നാല്‍ കുറച്ചു മുമ്പ് സേവന കാലാവധി പൂര്‍ത്തിയാക്കി ബാന്‍ഡിലെ എല്ലാവരും മടങ്ങി എത്തി. തുടര്‍ന്ന് ഔദ്യോഗികമായി സംഗീത ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണിപ്പോള്‍. ബാന്‍ഡ് അവരുടെ ആദ്യത്തെ ലൈവ് ആല്‍ബമായ ‘പെര്‍മിഷന്‍ ടു ഡാന്‍സ് ഓണ്‍ സ്‌റ്റേജ് ലൈവ്’ പുറത്തിറക്കി. ജൂലൈ 18നാണ് ആല്‍ബം ഔദ്യോഗികമായി റിലീസ് ചെയ്തത്.
22 ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്. അവയെല്ലാം ബാന്‍ഡിന്റെ ഏറ്റവും പ്രശസ്തമായ ടൂറുകളിലൊന്നായ പെര്‍മിഷന്‍ ടു ഡാന്‍സ് ഓണ്‍ സ്‌റ്റേജിലെ പ്രകടനങ്ങളാണ്. 2026 സ്പ്രിങില്‍ പുറത്തിറങ്ങാനിരിക്കുന്ന അവരുടെ ആല്‍ബത്തിനായി അംഗങ്ങളായ ആര്‍എം, ജിമിന്‍, ജങ്കൂക്ക്, സുഗ, വി എന്നിവര്‍ ലോസ് ആഞ്ചലസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജിന്‍, ജെഹോപ്പ് എന്നിവരും അവര്‍ക്കൊപ്പം ഉടനെ ചേരും.
2026ല്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ആല്‍ബം വരുന്നത് വരെയുള്ള വിടവ് നികത്താന്‍ കൂടിയാണ് ഇപ്പോള്‍ ലൈവ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
വിവിധ ടൂറുകളിലായ ബിടിഎസ് പെര്‍ഫോം ചെയ്ത 22 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ബിടിഎസിന്റെ ഹിറ്റ് ഗാനങ്ങളായ ‘ഡൈനാമൈറ്റ്’, ‘ബട്ടര്‍’, ‘പെര്‍മിഷന്‍ ടു ഡാന്‍സ്’ എന്നീ ട്രാക്കുകളും ആല്‍ബത്തിലുണ്ട്. അതുപോലെ ആരാധകരുടെ പ്രിയപ്പെട്ട ‘ബ്ലഡ് സ്വെറ്റ് ആന്‍ഡ് ടിയേഴ്‌സ്’, ‘സ്പ്രിംഗ് ഡേ’, ‘ഡോപ്പ്’ എന്നിവയും ആല്‍ബത്തില്‍ ഉള്‍പ്പെടുന്നു.