എഐ എല്ലാ കാര്യത്തിലും മനുഷ്യരെ മറികടക്കുമെന്ന് എഐയുടെ ഗോഡ്ഫാദര് എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പ് നല്കി. ഇത് വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിന് വഴിവെക്കും. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ എഐ മനുഷ്യരാശിക്ക് ഒരു അസ്തിത്വ ഭീഷണിയായി മാറിയേക്കാമെന്നുള്ള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എന്നാലും ചില തൊഴിലുകളില്‍ സുരക്ഷിതമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായി തുടരാമെന്ന ഒരു തൊഴിലായി ചൂണ്ടിക്കാണിച്ചത് പ്ലംബിഗ് ജോലിയെക്കുറിച്ചാണ്. എഐ ക്കോ അത് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ക്കോ സ്വായത്തമാക്കാന്‍ കഴിയാത്ത മനുഷ്യ വൈദഗ്ധ്യവും നിപുണതയും വേണ്ട ജോലിയായതിനാലാണ് പ്ലംബിംഗില്‍ കൈവയ്ക്കാന്‍ എഐ ക്ക് കഴിയാത്തതെന്നാണ് ജെഫ്രി ഹിന്റണ്‍ പറയുന്നത്.
പ്ലംബിംഗില്‍ കഠിനമായ ശാരീരിക ജോലിക്കൊപ്പം പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനുളള കഴിവും വേണം. അതിനാല്‍ ഉടനെയൊന്നും എഐയ്ക്ക് ഇതിലേക്ക് കൈകടത്താന്‍ സാധിക്കില്ല. എഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരാള്‍ 10 പേരുടെ ജോലി ചെയ്യുന്നതോടെ, പല വ്യവസായങ്ങളും ഉടന്‍ തന്നെ വ്യാപകമായ പിരിച്ചുവിടലുകളും ഗണ്യമായ തൊഴില്‍ സ്ഥാനചലനവും നേരിടേണ്ടിവരുമെന്നും പോഡ്കാസ്റ്റില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.