ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത,പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് ‘എഫ് 1’. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ ഒരു പ്രത്യേകതയോടെയാണ് ട്രെയ്‌ലർ പുറത്തുവന്നത്.
ഹാപ്റ്റിക് ടെക്നോളജി എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പുതിയ ട്രെയ്‌ലർ പുറത്തുവന്നിരിക്കുന്നത്. വൈബ്രെഷനുകളും മോഷനുകളും ഉപയോഗിച്ച് ട്രെയ്‌ലർ കാണുന്ന പ്രേക്ഷകരിൽ സ്പർശനത്തിന്റെ അനുഭവം സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹാപ്റ്റിക് ടെക്നോളജി. ട്രെയ്‌ലർ മൊബൈൽ ഫോണിൽ കാണുന്ന വേളയിൽ ചിത്രത്തിലുണ്ടാകുന്ന കാർ റേസിങ്ങിന്റെ ചലനങ്ങളും ട്രാക്കിലൂടെ കാറുകൾ ഇരമ്പുമ്പോൾ ഉണ്ടാകുന്ന ശക്തമായ വൈബ്രെഷനുകളും പ്രേക്ഷകർക്ക് അനുഭവിക്കാൻ സാധിക്കും.
ഇതിലൂടെ പ്രേക്ഷകർക്ക് ഒരു പുത്തൻ കാഴ്ച്ചാനുഭവം ലഭിക്കുകയാണ്. ട്രെയിലറിന്റെ ഈ പുതിയ അപ്‌ഗ്രേഡ് ആപ്പിൾ ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഈ പുതിയ ഫീച്ചർ ലഭിക്കുവാനായി, iOS 18 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന iPhone ഉപയോഗിച്ച് ആപ്പിൾ ടിവി ആപ്പിലൂടെ ഉപയോക്താക്കൾക്ക് ട്രെയ്‌ലർ കാണാവുന്നതാണ്.
ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.