ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി മെറ്റ, ടെലഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ കമ്പനികളെ വെല്ലുവിളിച്ച് ബിറ്റ്ചാറ്റ് എന്ന പേരില്‍ പുതിയ മെസേജിങ് ആപ് അവതരിപ്പിച്ചു. ഇതിന്റെ ബീറ്റാ പതിപ്പ് ടെസ്റ്റ്ഫ്ലൈറ്റില്‍ ലഭ്യമാണെന്നും ഡോര്‍സി വെളിപ്പെടുത്തി. ബ്ലൂടൂത്ത് മെഷ് നെറ്റ്വര്‍ക്കുകളിലൂടെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നതിനാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതായത് ഇന്റര്‍നെറ്റ്, സെന്‍ട്രല്‍ സെര്‍വറുകള്‍, ഫോണ്‍ നമ്പറുകള്‍ അല്ലെങ്കില്‍ ഇമെയിലുകള്‍ തുടങ്ങിയവ ഇല്ലാതെ ഒരു ഓഫ്ഗ്രിഡ് ആശയവിനിമയ രീതി വാഗ്ദാനം ചെയ്യുന്ന തരത്തിലാകും ഇതിന്റെ ഉപയോഗമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ‘ബ്ലൂടൂത്ത് മെഷ് നെറ്റ്വര്ക്കുകള്, റിലേകള്‍, സ്റ്റോര്‍ ആന്‍ഡ് ഫോര്‍വേഡ് മോഡലുകള്‍, മെസേജ് എന്‍ക്രിപ്ഷന്‍ മോഡലുകള്‍, മറ്റ് ചില കാര്യങ്ങള്‍’ എന്നിവ പരിശോധിക്കുന്ന ഒരു വ്യക്തിഗത പരീക്ഷണമായിട്ടാണ് എക്സിലെ പ്രോജക്റ്റിനെ ഡോര്‍സി വിശേഷിപ്പിച്ചത്.
ബിറ്റ്ചാറ്റിന്റെ സവിശേഷതകള്‍
1-മുന്‍നിര മെസേജിങ് ആപ്പുകളായ വാട്സാപ്പ്, ടെലഗ്രാം എന്നവയില്‍ നിന്ന് വ്യത്യസ്തമാണ് ബിറ്റ്ചാറ്റ്.
2-സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആവശ്യമില്ല.
3-ടൊറന്റ് നെറ്റ് വര്‍ക്കിനെ പോലെ അടുത്തുള്ള ബ്ലൂടൂത്ത് സൗകര്യമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ എന്‍ക്രിപ്റ്റഡ് മെസേജിങ് സൗകര്യമാണ് ബിറ്റ് ചാറ്റ് വാഗ്ദാനം ചെയ്യുന്നത്.
4-ബ്ലൂടൂത്ത് റേഞ്ചിന്റെ പരിധി ഏകദേശം 100 മീറ്ററാണെങ്കിലും ബിറ്റ് ചാറ്റിന് 300 മീറ്റര്‍ വരെ സന്ദേശങ്ങള്‍ റിലേ ചെയ്യാനാകും.
5-സന്ദേശങ്ങള്‍ സെര്‍വറുകളില്‍ ശേഖരിക്കുന്നതിന് പകരം ഫോണുകളില്‍ തന്നെയാണ് സൂക്ഷിക്കുക. 6-ബിറ്റ്ചാറ്റ് ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകളോ സെര്‍വറുകളോ ആവശ്യമില്ല.