മോഹൻലാലിലെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന സൂപ്പർഹിറ്റ് ചിത്രം റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം മലയാളികൾ ആഘോഷമാക്കുകയായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെല്ലാം വമ്പൻ ഓളം സൃഷ്ടിക്കാൻ ഛോട്ടാ മുംബൈക്ക് സാധിച്ചു. ഇപ്പോൾ സിനിമയുടെ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ അപകടം പറ്റി കിടക്കുന്ന മണിയൻപിള്ള രാജുവിനെ ഹോസ്പിറ്റലിൽ കാണാൻ എത്തുന്ന മോഹൻലാലിന്റേയും ബിജു കുട്ടന്റേയും സീനിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. മോഹൻലാലിന് സീൻ വിവരിച്ച് കൊടുക്കുന്ന സംവിധായകൻ അൻവർ റഷീദിനെയും വീഡിയോയിൽ കാണാം. ഒപ്പം നടൻ മനോജ് കെ ജയനുമുണ്ട്.
ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ ഛോട്ടാ മുംബൈയുടെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.