ചാറ്റ് ജിപിടിയില്‍ ആളുകള്‍ ഇത്രയധികം വിശ്വാസം അര്‍പ്പിക്കുന്നത് കൗതുകകരമായി തോന്നുന്നുവെന്ന് മാതൃകമ്പനിയായ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. നിര്‍മിതബുദ്ധിക്ക് തെറ്റുപറ്റാമെന്നും, തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം സൃഷ്ടിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
ചാറ്റ് ജിപിടിയെ അമിതമായി വിശ്വസിക്കരുത്. ജനങ്ങള്‍ക്ക് ചാറ്റ് ജിപിടിയില്‍ വളരെ ഉയര്‍ന്ന തോതിലുള്ള വിശ്വാസമുണ്ട്. പക്ഷെ എഐ കാര്യങ്ങള്‍ പലതും കെട്ടിച്ചമയ്ക്കാന്‍ സാധ്യതയുണ്ട്. അമിതമായി വിശ്വസിക്കാന്‍ പാടില്ലാത്ത ഒരു സാങ്കേതികവിദ്യയായിരിക്കണം അതെന്നും ഓപ്പണ്‍ എഐയുടെ സ്വന്തം ഉത്പന്നമായ ചാറ്റ് ജിപിടിയെക്കുറിച്ച് സാം ആള്‍ട്ട്മാന്‍ പറഞ്ഞു. ഓപ്പണ്‍ എഐയുടെ ഔദ്യോഗിക പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.