കോള്‍ഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെ ക്യാമറക്കുരുക്കില്‍ പെട്ട ആസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ യുഎസ് കമ്പനി ആസ്‌ട്രോണമര്‍ ആവശ്യപ്പെട്ടെന്നും കമ്പനിയുടെ ഇടക്കാല സിഇഒയായി സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡി ജോയ്‌നെ നിയമിച്ചു എന്നുമാണ് പുറത്തു വരുന്ന വിവരം. കമ്പനിയിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലെ ജീവനക്കാരിക്കൊപ്പം അടുത്തിടപഴകിക്കൊണ്ട് ആന്‍ഡി ബൈറണ്‍ സംഗീതപരിപാടി കാണുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്നലെയായിരുന്നു സസ്‌പെന്‍ഷന്‍ വിവരം ആസ്‌ട്രോണമര്‍ എക്‌സിലൂടെ പങ്കുവെച്ചത്. സ്ഥാപിച്ചകാലം മുതല്‍ തങ്ങളെ നയിക്കുന്ന മൂല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കാന്‍ ആസ്‌ട്രോണമര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗികമായ അന്വേഷണം ആരംഭിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കാമെന്നും കമ്പനി അറിയിച്ചു.
അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ ക്രിസ്റ്റിന്‍ കബോട്ടുമാണ് കോള്‍ഡ്‌പ്ലേ പരിപാടിക്കിടെ പണി കിട്ടിയത്. ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ച് പരിപാടി ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ക്യാമറയില്‍ തങ്ങള്‍ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
