കുറച്ചു ദിവസം മുമ്പായിരുന്നു മോണിറ്റൈസേഷനില്‍ പുതിയ നയങ്ങളും പോളിസികളും യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബിന് പിന്നാലെ ഇപ്പോള്‍ ഫേസ്ബുക്കും കോണ്‍ടെന്റ് ക്രിയേഷനിലും മോണിറ്റൈസേഷനിലും പുതിയ റൂളുകളുമായി എത്തിയിരിക്കുന്നു.
ഫേസ്ബുക്കിന്റെ പുതിയ നയങ്ങൾ
ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ നേരിടുന്ന പ്രധാനവെല്ലുവിളിയായിരുന്നു പോസ്റ്റുകളും വീഡിയോകളും ഇമേജുകളുമൊക്കെ മറ്റുള്ളവര്‍ എടുത്തോണ്ട് പോവുന്നതും അത് സ്വന്തമെന്ന വ്യാജേന പോസ്റ്റ് ചെയ്യുന്നതും. ഫേസ്ബുക്കും മെറ്റയും മോണിറ്റൈസേഷന്‍ പോളിസി ആരംഭിച്ചതോടെ ഈ മോഷണം കൂടുകയും ചെയ്തു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഭീഷണിയാണ് പുതിയ പോളിസികള്‍. യഥാര്‍ത്ഥ ക്രിയേറ്റര്‍ക്ക് കൃത്യമായ ക്രെഡിറ്റ് കൊടുക്കാതെ കോപ്പി ചെയ്ത പോസ്റ്റോ വീഡിയോയോ, ഫോട്ടോയോ എടുത്ത് സ്വന്തം അക്കൗണ്ടില്‍ ഇട്ടാല്‍ കര്‍ശന നടപടികളായിരിക്കും അക്കൗണ്ടിന് നേരിടേണ്ടി വരിക. ആദ്യഘട്ടത്തില്‍ റീച്ച് കുറയ്ക്കുകയും മോണിറ്റൈസേഷന്‍ ഡിസേബിള്‍ ചെയ്യുകയും ചെയ്യും.
ആദ്യഘട്ടത്തില്‍ തന്നെ കോപ്പി പേസ്റ്റ് കോണ്‍ടെന്റുകള്‍ നിരന്തരം പങ്കുവെച്ച അഞ്ച് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ നടപടിയെടുത്തിട്ടുണ്ട്. 10 മില്ല്യണ്‍ ഫേക്ക് അക്കൗണ്ടുകളും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. പുതിയ നിയമങ്ങള്‍ കോണ്‍ടെന്റ് ക്രിയേറ്റേഴ്‌സിന് വെല്ലുവിളിയാണെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ സ്വന്തമായി കോണ്‍ടെന്റ് നിര്‍മ്മിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം കൂടിയാണ്. നിങ്ങളുടെ അക്കൗണ്ടിന്റെ റീച്ചും, വരുമാനവും നിലനിര്‍ത്താന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.