കൊച്ചി: ഇന്ത്യയിലെ കേബിൾ ടെലിവിഷൻ വരിക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇടിവുണ്ടായെന്ന് റിപ്പോർട്ട്. ആൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ (എ.ഐ.ഡി.സി.എഫ്) നടത്തിയ സർവേ പ്രകാരം രാജ്യത്തെ പേ ടിവി വരിക്കാരുടെ എണ്ണം, 2018-ലെ 15.1 കോടിയിൽനിന്ന് 2024-ൽ 11.1 കോടിയായി കുറഞ്ഞു. 2030 ൽ ഇത് 7.1 കോടിയാവുമെന്നാണ് അനുമാനം. കേബിൾ ടിവി വ്യവസായത്തിന് വെല്ലുവിളികളുടെ കാലമായിരിക്കും വരാനിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
കേബിൾ ടിവി മേഖലയിലെ ഈ പ്രതിസന്ധിക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് എ.ഐ.ഡി.സി.എഫ് സർവേ ചൂണ്ടിക്കാണിക്കുന്നത്.
1- നിരന്തരം ചാനലുകളുടെ വരിസംഖ്യ വർധിപ്പിക്കുന്നത് വരിക്കാരെ കേബിൾ ടിവി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.
2- നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാകുന്ന സിനിമകൾ, വെബ് സീരീസുകൾ, ഡോക്യുമെന്ററികൾ എന്നിവയുടെ വലിയ ശേഖരം കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് വരിക്കാരെ കേബിൾ ടിവി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.
3- പ്രസാർ ഭാരതിയുടെ സൗജന്യ ടെലിവിഷൻ സേവനമായ ഡിഡി ഫ്രീ ഡിഷിന്റെ വർധിച്ചുവരുന്ന സ്വീകാര്യതയും കേബിൾ ടിവി സേവനദാതാക്കൾക്ക് തിരിച്ചടിയായി. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ ഡിഡി ഫ്രീ ഡിഷ് വലിയ പ്രചാരം നേടി.
വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് കേബിൾ ടിവി മേഖലയിലെ തൊഴിൽനിരക്കിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2018 നും 2025നും ഇടയിൽ ഏകദേശം 5.7 ലക്ഷം പേർക്ക് ഈ മേഖലയിൽ ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. രാജ്യത്തെ നാല് പ്രധാന ഡിടിഎച്ച് സേവനദാതാക്കളുടെയും 10 കേബിൾ ടിവി സേവനദാതാക്കളുടെയും വരുമാനത്തിൽ 16 ശതമാനത്തിലധികം ഇടിവുണ്ടായി. ഇതോടെ ലാഭത്തിൽ 29 ശതമാനം കുറവുണ്ടായി. 2018-19 സാമ്പത്തിക വർഷം ഇവരുടെ ആകെ വരുമാനം 25,700 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തികവർഷം ഇത് 21,500 കോടിയായി കുറഞ്ഞു. ഇതേ കാലയളവിലെ ലാഭം 4,400 കോടിയിൽനിന്ന് 3,100 കോടിയായി ചുരുങ്ങി.
രാജ്യവ്യാപകമായി 28,181 ലോക്കൽ കേബിൾ ഓപ്പറേറ്റർമാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സർവേ നടത്തിയത്.വെല്ലുവിളികൾ ഉണ്ടെങ്കിലും വളർച്ചാ സാധ്യത മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്ത് കേബിൾ ടെലിവിഷൻ എത്തിച്ചേരാത്ത 10 കോടിയിലധികം കുടുംബങ്ങളുണ്ട്. അവിടേക്ക് കുറഞ്ഞനിരക്കിലുള്ള പ്ളാനുകൾ വഴി സേവനം എത്തിക്കുകയും നിലവിലുള്ള ഡിഡി ഫ്രീ ഡിഷ് ഗുണഭോക്താക്കളെ പേ-ടെലിവിഷനിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതിലൂടെ പ്രതിസന്ധി തരണംചെയ്യാനാകുമെന്നാണ് ഡിജിറ്റൽ കേബിൾ സേവനദാതാക്കളുടെ കണക്കുകൂട്ടൽ.