ധനുഷ് നായകനായി അഭിനയിച്ച കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിലെ കഥാപാത്രമാകാൻ ധനുഷ് എടുത്ത ധൈര്യത്തേയും സിനിമാപ്രേമികൾ പുകഴ്ത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു നടനും ഇത്തരമൊരു കഥാപാത്രം ചെയ്യാൻ തയ്യാറാകില്ലെന്നാണ് കമന്റുകൾ. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്‌ജറ്റ് പാൻ ഇന്ത്യൻ ചിത്രമായ കുബേരയുടെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ ദിനം നേടിയത് 13 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള നെറ്റ് കളക്ഷനാണ് ഇത്. തമിഴ് , കന്നഡ എന്നീ രണ്ട് ഭാഷകളിലെയും പതിപ്പുകളും നേടിയത് ചേര്‍ത്തുള്ള കണക്കാണിത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കൊണ്ട് തന്നെ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച സംഖ്യ നേടുമെന്ന് ഉറപ്പാണ്.
ധനുഷിന് പുറമേ നായികയായി എത്തിയ രാശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.
ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.