ഓപ്പണ്‍ എഐ വെബ് ബ്രൗസര്‍ വരുന്നു; ക്രോമിന്‌ വെല്ലുവിളിയാവുമോ ?

ഓപ്പണ്‍ എഐ വെബ് ബ്രൗസര്‍ വരുന്നു; ക്രോമിന്‌ വെല്ലുവിളിയാവുമോ ?

ഓപ്പണ്‍ എഐ സ്വന്തം വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ ഈ ബ്രൗസര്‍ ലഭ്യമായേക്കുമെന്നാണ് സൂചനകള്‍. ഗൂഗിളിന്റെ ക്രോം ബ്രൗസറിന് പുതിയ വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഓപ്പണ്‍ എഐയുടെ ഈ നിര്‍ണായക നീക്കം.
ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇന്റര്‍ഫേസ് ആയിരിക്കും ഓപ്പണ്‍ എഐ വെബ് ബ്രൗസറിന്റെ പ്രധാന ആകര്‍ഷണം. ഇത് വഴി നിരവധി ടാബുകള്‍ തുറക്കുന്നതിന്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിന്റെയും ആവശ്യം ഇല്ലാതാകും. എഐ യുടെ ശക്തി ഉപയോഗിച്ച് വെബ് ബ്രൗസിംഗ് കൂടുതല്‍ എളുപ്പവും വേഗവുമാക്കുകയാണ് ഓപ്പണ്‍ എഐയുടെ ലക്ഷ്യം. സാധാരണ വെബ് ബ്രൗസറുകളും സെര്‍ച്ച് എഞ്ചിനുകളും വെബ് പേജുകളിലേക്കുള്ള ഒരു ഇടനിലക്കാര്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഓപ്പണ്‍ എഐയുടെ പുതിയ ബ്രൗസര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവുകള്‍ സമന്വയിപ്പിച്ചായിരിക്കും എത്തുക. ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോമുകള്‍ പൂരിപ്പിക്കുക, വെബ് പേജുകളുടെ സംഗ്രഹം കാണുക തുടങ്ങിയ കാര്യങ്ങള്‍ ബ്രൗസര്‍ വിന്‍ഡോയില്‍ നിന്ന് പുറത്തുപോകാതെ തന്നെ ചെയ്യാന്‍ ഉപയോക്താക്കളെ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ലളിതവും കാര്യക്ഷമവുമായ വെബ് അനുഭവം നല്‍കാന്‍ സഹായിക്കും.

നിലവിലുള്ള വെബ് ബ്രൗസറുകളില്‍ ലഭിക്കുന്ന എല്ലാ സൈറ്റുകളും എക്സ്റ്റന്‍ഷനുകളും ഓപ്പണ്‍ എഐ ബ്രൗസറിലും ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ ക്രോം ബ്രൗസറിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഗൂഗിളിലെ ഒരു മുന്‍ ഉദ്യോഗസ്ഥനും ഓപ്പണ്‍ എഐയുടെ ബ്രൗസര്‍ ടീമിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഇത് ഈ ബ്രൗസറിന്റെ പ്രവര്‍ത്തനക്ഷമതയെയും മത്സരശേഷിയെയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ചാറ്റ് ജിപിടി എഐ ചാറ്റ്‌ബോട്ട് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ വിപണിക്ക് ഓപ്പണ്‍ എഐ ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ആ വിലയിരുത്തലുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീട് ഓപ്പണ്‍ എഐയുടെ ഓരോ ചുവടുവെപ്പുകളും.

administrator

Related Articles