ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ജൂലൈ 21 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നിലവില്‍ അന്വേഷണത്തിലിരിക്കുന്ന വാതുവെപ്പ് ആപ്പുകളുടെ പ്രചാരണത്തിന് ഗൂഗിളും മെറ്റയും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മെറ്റയും ഗൂഗിളും ഈ ആപ്പുകള്‍ക്കായി പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകള്‍ നല്‍കിയെന്നും ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് പ്രാധാന്യം നല്‍കുകയാണെന്നും ഇഡി ആരോപിക്കുന്നു. ഇതുവഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഈ രണ്ട് ടെക്ക് ഭീമന്മാര്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും ഇഡി പറയുന്നു.

വാതുവെപ്പ് പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിച്ചതിന് 29 ഓളം സെലിബ്രിറ്റികള്‍ക്കെതിരെയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെയും ഇതിനകം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, ശ്രീമുഖി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തെലങ്കാനയില്‍ നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ജനപ്രിയ നടന്മാരും യൂട്യൂബര്‍മാരും ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വ്യവസായി ഫണീന്ദ്ര ശര്‍മ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് മുംബൈയിലെ നാല് സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. റെയ്ഡില്‍ 3.3 കോടി രൂപ പണം, വിദേശ കറന്‍സി, നോട്ട് എണ്ണുന്ന യന്ത്രങ്ങള്‍, ആഭരണങ്ങള്‍, മെഴ്‌സിഡസ് ഉള്‍പ്പെടെയുള്ള കാറുകള്‍, ആഡംബര വാച്ചുകള്‍ നിറഞ്ഞ പെട്ടി തുടങ്ങിയ പിടിച്ചെടുത്തിരുന്നു.

administrator

Related Articles