മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ വിലങ്ങുവെച്ച് കൊണ്ടുപോകുന്ന എഐ ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ആരും നിയമത്തിനതീതരല്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ട്രംപ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
പ്രസിഡന്റ് നിയമത്തിനു മുകളിലാണെന്ന് ഒബാമ സാമൂഹ്യ മാധ്യമമായ ട്രൂത് സോഷ്യലില്‍ പങ്കുവെച്ച കമന്റിന് മറുപടിയായിട്ടാണ് ട്രംപ് എഐ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
ഒബാമയ്‌ക്കെതിരെ ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് എഐ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തെ തടസ്സപ്പെടുത്താന്‍ ഒബാമ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നും തെളിവുകള്‍ കെട്ടിച്ചമച്ചെന്നുമായിരുന്നു ആരോപണം.
ട്രംപിന്റെ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ആയ തുള്‍സി ഗബ്ബാര്‍ഡ് ആണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒബാമയും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ടീമും ചേര്‍ന്ന് ട്രംപിനെതിരെ ‘റഷ്യന്‍ ഇടപെടല്‍’ എന്ന നുണക്കഥ ഉണ്ടാക്കിയെന്നും ഇതിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്നുമായിരുന്നു ആരോപണം. ഇതുസംബന്ധിച്ച തെളിവുകള്‍ നീതിന്യായ വകുപ്പിന് കൈമാറുമെന്നുമായിരുന്നു തുള്‍സി പറഞ്ഞത്. ഈ ആരോപണത്തെ പിന്തുണച്ച് ട്രംപും രംഗത്തെത്തി.