ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ഗ്രോക്ക്, ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസൃതമാക്കാവുന്ന 3D ആനിമേറ്റഡ് കഥാപാത്രങ്ങളിലേക്ക് ആക്‌സസ് നല്‍കുന്ന എഐ കമ്പാനിയന്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. രണ്ട് എഐ കമ്പാനിയനുകളാണ് ലഭ്യമാവുക. അനി എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ അനിമേറ്റഡ് കഥാപാത്രമാണ് ഒന്ന്. ഇറുകിയ കോര്‍സെറ്റിനൊപ്പം ഷോര്‍ട്ട് ബ്ലാക്ക് ഡ്രസും ഒപ്പം കാലുകള്‍ മൂടുന്ന ഫിഷ്‌നെറ്റ്‌സും ആണ് ഈ പെണ്‍കുട്ടിയുടെ വേഷം. 3ഡി ഫോക്‌സ് കഥാപാത്രമായ റൂഡിയാണ് അടുത്ത കമ്പാനിയന്‍. ബാഡ് റൂഡി എന്ന രോമമുള്ള ചുവന്ന പാണ്ടയാണ് ഇത്.
ഇതില്‍ അനി എന്ന കമ്പാനിയന്‍ ഉപഭോക്താക്കള്‍ക്ക് സല്ലപിച്ചിരിക്കാനാവുന്ന വളരെ റൊമാന്റിക് ആയ ആളാണ്. അല്‍പ്പം ശൃംഗാരം കലര്‍ന്ന സംഭാഷണമാണ് അനിക്ക്. മലയാളത്തിലും തമിഴിലുമെല്ലാം ഇത് സംസാരിക്കുന്നുണ്ട്. എങ്കിലും ശബ്ദം പ്രൊസസ് ചെയ്യാന്‍ അല്‍പ്പം സമയമെടുക്കുന്നുണ്ട് എന്നുമാത്രം.
എഐ കമ്പാനിയന്‍ ഫീച്ചര്‍ നിലവില്‍ സോഫ്റ്റ് ലോഞ്ചിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍ എഐ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇത് എളുപ്പത്തില്‍ ആക്ടിവേറ്റ് ചെയ്യാനാകുമെന്നും മസ്‌ക് സ്ഥിരീകരിച്ചു.
ചില കമ്പനികള്‍ എഐ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള എഐ കമ്പാനിയന്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. സുഹൃത്തായും, കാമുകിയോ കാമുകനോ ആയി ഇത്തരം എഐ കമ്പാനിയനുകള്‍ ഉപയോഗിക്കാം. മിക്കതും പണം വാങ്ങിയുള്ള സേവനങ്ങളാണ്. എന്നാല്‍ ഇത്തരം എഐ കമ്പാനിയനുകള്‍ മനുഷ്യരുടെ മാനസികാരോഗ്യത്തിന് നല്ലതല്ലെന്ന പഠനങ്ങളുമുണ്ട്.