ഇന്ത്യയിലും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ എഐ മോഡ് അവതരിപ്പിച്ചു. യുഎസിലാണ് ഈ ഫീച്ചര്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അത്. അമേരിക്കയ്ക്ക് ശേഷം എഐ മോഡ് ഗൂഗിള്‍ അവതരിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. യുഎസിലെ ഉപയോക്താക്കളില്‍ നിന്ന് വളരെ നല്ല പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഗൂഗിള്‍ ലാബ്‌സിന് കീഴില്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് ഭാഷയില്‍ പുത്തന്‍ എഐ ഫീച്ചര്‍ ലഭ്യമാക്കിയത്.
ഗൂഗിളിന്റെ പുതിയ എഐ മോഡ് ഉപയോക്താക്കളെ ദീര്‍ഘവും സങ്കീര്‍ണ്ണവും വിശദവുമായ ചോദ്യങ്ങള്‍ അനായാസം ചോദിച്ചറിയാന്‍ അനുവദിക്കുന്നു. ജെമിനി 2.5 ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ (LLM) ഒരു കസ്റ്റം പതിപ്പ് ഉപയോഗിച്ചാണ് ഈ എഐ മോഡ് പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന രീതിയില്‍ പുത്തന്‍ ഫീച്ചര്‍ നേറ്റീവ് തിങ്കിംഗ് ശേഷിയോടെയാണ് എഐ മോഡ് വരുന്നതെന്നും ഗൂഗിള്‍ പറയുന്നു.
എഐ മോഡ് വഴിയുള്ള സെര്‍ച്ചിന് മള്‍ട്ടിമോഡല്‍ പിന്തുണ ഗൂഗിള്‍ നല്‍കുന്നു. സെര്‍ച്ചിനായി വോയിസ് മോഡിലൂടെയോ ടൈപ്പ് ചെയ്‌തോ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌തോ നിങ്ങള്‍ക്ക് എഐ മോഡ് ഉപയോഗിക്കാം. ഡെസ്‌ക്‌ടോപ്പുകളിലെ വെബ്‌സൈറ്റ് വ്യൂവിലും ഗൂഗിള്‍ ആപ്പ് വഴിയും നിലവില്‍ സെര്‍ച്ച് എഐ മോഡ് ലഭ്യമാണ്.