ആഗോളതലത്തിൽ 16 ബില്ല്യൺ അക്കൗണ്ടുകളിലെ ഡാറ്റകൾ മൊത്തം ചോർന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ആപ്പിൾ, ഗൂഗിൾ, വിപിഎൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലെ ഡാറ്റകളാണ് ചോർന്നത്. 30 ഡാറ്റാബേസുകളിൽ നിന്നുള്ള 16 ബില്യൺ റെക്കോർഡുകൾ ആണ് ചോർന്നതെന്നാണ് റിപ്പോർട്ട്. . പ്രധാന പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള സെൻസിറ്റീവ് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ ഡാറ്റ ചോർച്ചകളില്‍ ഒന്നാണിത്. സൈബർന്യൂസ് റിപ്പോർട്ട് പ്രകാരം 30 വ്യത്യസ്ത ഡാറ്റാബേസുകളിലായി വ്യാപിച്ചുകിടന്ന ഡാറ്റകളെ വിവിധ ഇൻഫോസ്റ്റീലർ മാൽവെയർ സ്‌ട്രെയിനുകൾ ഉപയോഗിച്ച് ചോർത്തുകയായിരുന്നു.
ഗൂഗിൾ, ആപ്പിൾ, ഗിറ്റ്ഹബ്, ടെലിഗ്രാം, ജനപ്രിയ വിപിഎൻ സേവനങ്ങൾ എന്നിവയുടെയെല്ലാം ക്രെഡൻഷ്യലുകൾ അപഹരിക്കപ്പെട്ട ഡാറ്റയിൽ ഉൾപ്പെടുന്നുണ്ട്. പുറത്തുവന്ന ഡാറ്റകൾ നിലവിൽ ചെറിയ കാലയളവിൽ മാത്രമേ പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളുവെങ്കിലും ആരാണ് ഡാറ്റ ചോർത്തിയതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ലോകമെമ്പാടുമുള്ള 5.5 ബില്ല്യൺ ആളുകൾക്കാണ് നിലവിൽ ഇന്റർനെറ്റ് ആക്‌സസ് ഉള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. പല ആളുകളുടെയും ഒന്നിലധികം അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നതായും ഡാറ്റ സെക്യുരിറ്റി വിദഗ്ധർ പറയുന്നുണ്ട്.
ഒരു മാസം മുമ്പ് ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മൈക്രോസോഫ്റ്റ് തുടങ്ങി ആപ്പുകളുടെയും ബേങ്കുകളുടെ ഉൾപ്പെടെ വെബ്സൈറ്റുകളുടെയും 18.4 കോടി ലോഗിൻ ക്രിഡൻഷ്യനുകൾ ചോർന്ന വിവരം സൈബർ സുരക്ഷാഗവേഷകൻ ജെറമിയ ഫൗളർ വെളിപ്പെടുത്തിയിരുന്നു. പാസ്സ് വേർഡ് സുരക്ഷിതമോ, എൻക്രിപ്റ്റ് ചെയ്തതോ അല്ലാത്ത ഒരു ഡാറ്റാബേസിലാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. ആർക്കും ഇതിലെ വിവരങ്ങൾ എളുപ്പത്തിൽ ആക്‌സ് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിൽ ഇതിനു മുമ്പ് മറ്റൊരു വൻഡാറ്റാ ചോർച്ച സംഭവിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ സി എം ആർ) ഡാറ്റാബേസിൽ നിന്ന് 81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ആധാർ-പാസ്സ് പോർട്ട് വിവരങ്ങൾ, ഫോൺ നമ്പറുകൾ, താത്കാലികവും സ്ഥിരവുമായ വിലാസങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു ചോർന്ന ഡാറ്റകളിൽ. സൈബർ സുരക്ഷയിലും ഇൻ്റലിജൻസിലും വിദഗ്‌ധരായ അമേരിക്കൻ ഏജൻസിയായ “റെസെക്യൂരിറ്റി’യാണ് 2023 ഒക്ടോബറിൽ ചോർച്ച കണ്ടെത്തിയത്. കൊവിഡ്-19 പരിശോധനയുടെ ഭാഗമായി ഐ സി എം ആർ ശേഖരിച്ചതാണ് ഈ വിവരങ്ങൾ. 2013 ജനുവരിയിൽ രാജ്യത്ത് മറ്റൊരു ഡാറ്റാചോർച്ച നടന്നു. ചൈനീസ് സൈബർ ഹാക്കർമാരാണ് അന്ന് പ്രമുഖ മെഡിക്കൽ സ്ഥാപനമായ ഡൽഹി എയിംസിൻ്റെ സർവറുകൾ ഹാക്ക് ചെയ്ത് 200 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.