അരുൺ ശ്രീനിവാസ് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി

അരുൺ ശ്രീനിവാസ് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി

ഫേസ്ബുക്ക്, വാട്ട്സ് അപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ മാതൃകമ്പനിയായ മെറ്റ, ഇന്ത്യയിൽ പുതിയ മേധാവിയെ നിയമിച്ചു. നിലവിൽ മെറ്റയുടെ ഇന്ത്യയിലെ പരസ്യ ബിസിനസ് വിഭാഗം മേധാവിയായിരുന്ന അരുൺ ശ്രീനിവാസിനെയാണ് മെറ്റ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തലവനായി നിയമിച്ചത്.

മെറ്റ ഇന്ത്യ മേധാവിയായിരുന്ന സന്ധ്യ ദേവനാഥന് സൗത്ത് ഈസ്റ്റ് ഏഷ്യാ മേഖലയുടെ അധിക ചുമതല കമ്പനി നല്‍കിയതോടെയാണ് അരുണ്‍ ശ്രീനിവാസിനെ ഇന്ത്യയിലെ ഹെഡായി തെരഞ്ഞെടുത്തത്. ജൂലൈ ഒന്നിന് അരുണ്‍ ശ്രീനിവാസ് മെറ്റ ഇന്ത്യ എംഡിയായി ചുമതലയേല്‍ക്കും.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയവുമായാണ് അരുൺ ശ്രീനിവാസ് മെറ്റയുടെ ഇന്ത്യയിലെ തലപ്പത്തേക്ക് എത്തുന്നത്. ഐഐഎം കൊൽക്കത്തയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അരുൺ, ഹിന്ദുസ്ഥാൻ യൂണിലിവർ, റീബോക്ക്, ഓല, വെസ്റ്റ്ബ്രിജ് ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ സെയിൽസ്, മാർക്കറ്റിങ് എന്നീ മേഖലകളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഇതിന് ശേഷം 2020 ലാണ് ഫേസ്ബുക്ക് കമ്പനിയിലേക്കെത്തുന്നത്. ശേഷം മാതൃ കമ്പനിയായ മെറ്റയുടെ പരസ്യ വിഭാഗത്തിന്റെ മേധാവിയായി. അദ്ദേഹത്തിന്റെ വർഷങ്ങളുടെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് മെറ്റ.

മികച്ച ടീമിനെയും ബിസിനസ് പങ്കാളികളെയും സൃഷ്ടിക്കുന്നതില്‍ അരുണ്‍ ശ്രീനിവാസനുള്ള ട്രാക്ക് റെക്കോര്‍ഡാണ് അദ്ദേഹത്തെ മെറ്റ ഇന്ത്യയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് മെറ്റ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്‍റ് സന്ധ്യ ദേവനാഥന്‍ പറഞ്ഞു.

administrator

Related Articles