ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ കേബിൾ ടെലിവിഷൻ ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന ആൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷന് (എ.ഐ.ഡി.സി.എഫ്) പുതിയ ഭാരവാഹികൾ. ജി.ടി.പി.എൽ ഹാത്ത്‌വേ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അനിരുദ്ധ്‌സിങ് ജഡേജയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെഡറേഷന്റെ തലപ്പത്ത് കാലാവധി പൂർത്തിയാക്കിയ ഡെൻ നെറ്റ്‌വർക്ക്സ് ലിമിറ്റഡ് സിഇഒ എസ്.എൻ. ശർമ്മയുടെ പിൻഗാമിയായിട്ടാണ് ജഡേജയെത്തുന്നത്.
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് വൈസ് ചെയർമാൻ ശങ്കരനാരായണ വൈസ് പ്രസിഡന്റായും ഫാസ്റ്റ്‌വേ ട്രാൻസ്മിഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പ് സി.എഫ്.ഒ സഞ്ജയ് ഗോയൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
“ഡിജിറ്റൽ കേബിൾ ടിവി വ്യവസായത്തിന്റെ നിർണായക ഘട്ടത്തിൽ എ.ഐ.ഡി.സി.എഫിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വ്യക്തതയോടെയും കൃത്യമായ ബോധ്യത്തോടെയും പ്രവർത്തിക്കാൻ തനിക്ക് സാധിച്ചെന്നും പ്രശ്നങ്ങളെയും ആശങ്കകളെയും പരിഹരിക്കുന്നതിലും കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളിലും അഭിമാനിക്കുന്നുവെന്നും സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് എസ്.എൻ.ശർമ്മ പറഞ്ഞു. പുതിയതായി ചുമതലയേറ്റടുക്കുന്ന ജഡേജയ്ക്ക് ഫെഡറേഷനെ നല്ല കാഴ്ചപ്പാടെയും ദൃഢനിശ്ചയത്തോടെയും നയിക്കാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും എസ്.എൻ. ശർമ്മ പറഞ്ഞു.
എ.ഐ.ഡി.സി.എഫ് അംഗങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. പുതിയ പ്രസിഡന്റ് എന്ന നിലയിൽ ഫെഡറേഷന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും വ്യവസായ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ കേബിൾ ടിവി കൂടുതൽ ശക്തമാക്കാനും പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും
പുതിയ ചുമതല ഏറ്റെടുത്ത് അനിരുദ്ധ്‌സിങ് ജഡേജ പറഞ്ഞു.
കേബിൾ, സംപ്രേഷണ മേഖലയിൽ 30 വർഷത്തിലേറെ പരിചയമുള്ള സംരംഭകനാണ് അനിരുദ്ധ്സിങ് ജഡേജ. ജി.ടി.പി.എൽ ഹാത്ത്‌വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ എം.എസ്.ഒ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ശങ്കരനാരായണക്ക് മൂന്ന് പതിറ്റാണ്ടിലേറെയുള്ള പ്രൊഫഷണൽ അനുഭവമുണ്ട്. 2006 മുതൽ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെ നയിച്ച അദ്ദേഹം, ഐ.ടി.ഡബ്ല്യു. സിഗ്നോഡ്, എച്ച്.എം.ടി ലിമിറ്റഡ്, ഹാത്ത്വേ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്നിവിടങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗും ഐ.ഐ.ടി കാൺപൂരിൽ നിന്ന് എം.ടെക്കും, ഐ.ഐ.എം ബാംഗ്ലൂരിൽ നിന്ന് എംബിഎയും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സാങ്കേതിക, തന്ത്രപരമായ വൈദഗ്ദ്ധ്യം, ബ്രോഡ്‌ബാൻഡ്, കേബിൾ മേഖലകളിൽ ഏഷ്യാനെറ്റിനെ പടുത്തുയർത്തി.
മീഡിയ, ടെലികോം, റീട്ടെയിൽ തുടങ്ങിയ വ്യവസായങ്ങളിൽ 26 വർഷത്തിലേറെ പരിചയമുണ്ട് സഞ്ജയ് ഗോയലിന്. റിലയൻസ്, ജിയോ, സിറ്റി നെറ്റ്‌വർക്കുകൾ, വിശാൽ റീട്ടെയിൽ തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ധനകാര്യത്തിലും ബിസിനസ് മേഖലയിലും കരുത്തായി. വിവിധ വ്യവസായ നികുതി ഉപദേശക സമിതികളിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിക്ഷേപക ബന്ധങ്ങളിലും തന്ത്രപരമായ ധനകാര്യ മാനേജ്‌മെന്റിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.